george-floyd

ന്യൂയോർക്ക്: കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ മിനിയപൊളിസ് പൊലീസ് കൊന്നതിനെതിരെ അമേരിക്കയിൽ കത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി വെളുത്തവരും രംഗത്ത്. ഫ്ലോയിഡിന്റെ നാടായ ഹോസ്റ്റണിൽ പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുകുത്തി മാപ്പിരന്നാണ് ഇവർ ഐക്യദാർഡ്യം പ്രകടിപ്പിച്ചത്. കാലങ്ങളായി തങ്ങൾ ചവിട്ടി മെതിച്ച ഒരു ജനതയോട് പ്രായശ്ചിത്തമെന്നോണമായിരുന്നു ഇവരുടെ പ്രതിഷേധം.


'ഞങ്ങളുടെ സഹോദരങ്ങൾക്കെതിരെ വർഷങ്ങളായി നടക്കുന്ന വംശീയതയിൽ ദൈവത്തോട് ഞങ്ങൾ മാപ്പ് ചോദിക്കുന്നു' - എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. സാധനങ്ങൾ വാങ്ങിയ ശേഷം കടക്കാരന് കള്ളനോട്ട് നൽകിയെന്ന് ആരോപിച്ചാണ് കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മർദ്ദിച്ച ശേഷം റോഡിൽ കിടത്തി കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ചുമിനിറ്റോളം നീണ്ട ബല പ്രയോഗത്തിനിടെ തനിക്ക് ശ്വാസം മുട്ടുന്നെന്ന് ഫ്ലോയിഡ് വിലപിച്ചിട്ടും അവഗണിക്കുകയായിരുന്നു.

സംഭവം നേരിൽ കണ്ട യാത്രക്കാരൻ പകർത്തിയ വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലായതോടെ ലോകമെങ്ങും ചർച്ചയായി. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. പ്രസിഡന്റ് ട്രംപ് അടക്കം പ്രതിഷേധം നേരിടേണ്ടി വന്നു. തെരുവിലിറങ്ങിയുള്ള പ്രതിഷേധക്കാരുടെ 'ഞങ്ങൾക്ക് ശ്വാസം മുട്ടുന്നു' എന്നുയർത്തിയുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ലോക ശ്രദ്ധ നേടിയിരുന്നു. രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്.