ശ്രീനഗർ: കൊവിഡ് 19 വ്യാപന കാലത്ത് മൃതദേഹം സംസ്കരിക്കാൻ പോലും അനുവാദമില്ലാതെ കശ്മീർ ജനത. കഴിഞ്ഞ ദിവസം മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചയാളുടെ ബന്ധുക്കളെ ജനം ആക്രമിക്കാൻ എത്തിയതോടെ പാതി വെന്ത മൃതദേഹവുമായി രക്ഷപ്പെട്ട സംഭവം രാജ്യത്തിന് നാണക്കേടാകുകയാണ്. ദോദ ജില്ലയിലാണ് ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തത്.
കൊവിഡ് ബാധിച്ച് മരിച്ച 72 വയസുകാരന്റെ മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ച ബന്ധുക്കളെ വടി, കല്ല് എന്നിവ ഉപയോഗിച്ച് ജനക്കൂട്ടം കൈകാര്യം ചെയ്യുകയായിരുന്നു. എല്ലാ അനുമതിയും ലഭിച്ച ശേഷം റവന്യു, മെഡിക്കൽ സംഘത്തോടൊപ്പം എത്തിയതായിരുന്നു കുടുംബം. ഭാര്യയും രണ്ടു മക്കളും ഡോമന മേഖലയിലെ ശ്മശാനത്തിൽ മൃഗീയമായ മർദ്ദനത്തിന് ഇരയായി. ഈ നേരമത്രയും സുരക്ഷാ ഉദ്യോഗസ്ഥർ കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നെന്ന് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു.
ഒടുവിൽ പ്രാണഭയത്താൽ ഇവർക്ക് പകുതി കത്തിക്കരിഞ്ഞ മൃതദേഹവുമായി മടങ്ങേണ്ടി വന്നു. ആംബുലൻസ് ഡ്രൈവറും ആശുപത്രി ജീവനക്കാരും സഹായിച്ചത് കൊണ്ടാണ് ജീവനോടെ രക്ഷപ്പെടാനായതെന്ന് ഇവർ വ്യക്തമാക്കി. പിന്നീട് ഭഗവതി നഗർ മേഖലയിലുള്ള ശ്മശാനത്തിൽ സുരക്ഷാ സന്നാഹങ്ങളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണ്. കശ്മീരിൽ ഇതുവരെ നാലു പേർ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.