pic

കണ്ണൂർ: കണ്ണൂരിൽ നിന്നും ലക്നൗവിലേക്ക് പോകുന്നതിന് നൂറുകണക്കിന് അതിഥി തൊഴിലാളികൾക്ക് റെയിൽവേ സൗകര്യം ഒരുക്കിയപ്പോൾ, തൊഴിലാളികൾക്ക് കൃത്യമായി വിവരം നൽകാതെ ഭരണകൂടം ട്രെയിൻ ക്യാൻസൽ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിച്ചത് ക്രൂരമായ നടപടിയാണെന്നും പ്രതിലോമകരമായ ചിന്തയും പ്രവർത്തനവുമായി മുന്നോട്ടു പോകുന്ന ഭരണകർത്താക്കൾക്ക് സൽബുദ്ധി തോന്നാൻ എന്താണ് ചെയ്യേണ്ടതെന്ന് തുറന്ന് പറയണമെന്ന് ഡി.സി.സി പ്രസിഡന്റ സതീശൻ പാച്ചേനി പറഞ്ഞു.

700 ഓളം അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിൻ ലഭ്യമാകും എന്ന് കരുതി കണ്ണുരിലെ വിവിധ സ്റ്റേഷനുകളിൽ കാത്തിരുന്നിട്ടും ആയിരം പേർ ഇല്ലാത്തതിനാൽ യാത്ര നടത്താൻ കഴിയില്ല എന്ന പേരിൽ ലക്നൗവിലേക്കുള്ള യാത്ര മൂന്ന് പ്രാവശ്യമായി തടസ്സപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്.അതിഥി തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിൽ എത്തിക്കുന്നതിന് റെയിൽവേ താല്പര്യം എടുക്കുമ്പോഴും സംസ്ഥാന സർക്കാറും ജില്ലാ ഭരണകൂടവും നിസ്സംഗ സമീപനം സ്വീകരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ സർക്കാർ അനാസ്ഥ മൂലം സാധിക്കാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്.

അന്യസംസ്ഥാനത്തുള്ള മലയാളികളെ നാട്ടിലേക്ക് വരുന്നതിന് പാസ് നല്കാതെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് പോകുന്നതിനു പോലും തടസ്സം നിൽക്കുന്നു എന്നുള്ളത് മനുഷ്യത്വമില്ലാത്ത ക്രൂര നടപടിയാണ്.ട്രെയിൻ ഉണ്ടായിട്ടും ട്രെയിനിൽ ആവശ്യമായ തൊഴിലാളികളെ ക്രമീകരിക്കാൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ജില്ലാ ഭരണകൂടം ആണെന്നിരിക്കെ മനുഷ്യത്വം മരവിച്ച രൂപത്തിൽ ഭരണകൂടം വിനോദയാത്രയോടെന്ന പോലെ വീട്ടിലെത്താൻ ആഗ്രഹിക്കുന്നവരോട് പെരുമാറരുതെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.