train-

കണ്ണൂർ: ട്രെയിനുകൾ റദ്ദാക്കി നാട്ടുകാരും അതിഥി തൊഴിലാളികളുമായ യാത്രികരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പ്രഖ്യാപിച്ച ട്രെയിനുകൾ ഓടണമെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അധികൃതരോട് ആവശ്യപ്പെട്ടു. കണ്ണൂർ, തിരുവനന്തപുരം ജനശതാബ്ദി ജൂൺ ഒന്ന് മുതൽ കണ്ണൂരിൽ നിന്ന് പുറപ്പെടുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു.

ഇത് അനുസരിച്ച് കണ്ണൂരിൽ നിന്നും യാത്ര ചെയ്യാൻ 400 പേർ ടിക്കറ്റ് റിസർവ് ചെയ്തു. സുരക്ഷ പരിശോധനയ്ക്കായി നേരത്തെ എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട പ്രകാരം അർദ്ധരാത്രി മുതൽ റെയിൽവെ സ്റ്റേഷനിൽ കാത്തിരുന്നവരെ കയറ്റാതെയാണ് ട്രെയിൻ കോഴിക്കോടേക്ക് പോയത്. ആരോഗ്യവകുപ്പ് പരിശോധന സംവിധാനം ഒരുക്കിയില്ലെന്ന പച്ചക്കള്ളവും പ്രചരിപ്പിച്ചു.

മുസഫർ നഗറിലേക്കും, മറ്റ് ഉത്തരേന്ത്യൻ സ്റ്റേഷനുകളിലേക്കും തീവണ്ടി സർവ്വീസ് ഉണ്ടാകുമെന്ന് അിറയിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളികൾ കെ.എസ്.ആർ.ടി.സി ബസ്സുകളിലായി റെയിൽവേ സ്റ്റേഷനിൽ പുറപ്പെട്ടപ്പോഴാണ് രണ്ട് ദിവസങ്ങളിലും ട്രെയിൻ സർവ്വീസ് റദ്ദാക്കിയത്. അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണ്.

ആരോഗ്യവകുപ്പ് അധികൃതരുടെയോ ജില്ലാ ഭരണകൂടത്തിന്റെയോ കുറ്റം കൊണ്ടല്ല ട്രെയിൻ സർവ്വീസ് റദ്ദാക്കിയത്. നാട്ടുകാരും അതിഥി തൊഴിലാളികളുമായ യാത്രികരെ ദുരിതത്തിലാക്കിയ റെയിൽവേ നടപടി ന്യായികരിക്കാൻ കഴിയുന്നതല്ല. ട്രെയിൻ സർവ്വീസുകൾ പുന:സ്ഥാപിക്കാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.