china-apps

ന്യൂഡൽഹി: ചൈനീസ് നിർമ്മിത ആപ്ലിക്കേഷനുകൾ തിരിച്ചറിഞ്ഞ് അൺ ഇൻസ്റ്റാൾ ചെയ്യുന്ന റിമൂവ് ചൈന ആപ്പിന് പണി കൊടുത്ത് ഗൂഗിൾ. ഇത്തരം ഒരു പ്രവൃത്തി അനുവദിക്കില്ലെന്ന ന്യായം നിരത്തി പ്ലേ സ്റ്റോറിൽ നിന്നും ആപ്പിനെ നീക്കം ചെയ്തു. ചൈന വിരുദ്ധ വികാരം ഉയർന്നതോടെ ഇന്ത്യയിൽ പത്ത് ലക്ഷത്തോളം ജനങ്ങൾ ആപ്പ് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് ധൃതി പിടിച്ചുള്ള ഇടപെടൽ.

ഇന്ത്യൻ സ്റ്റാർട് അപ് കമ്പനിയായ വൺ ടച്ച് ആപ് ലാബ്സ് പുറത്തിറക്കിയതാണ് വിവാദങ്ങൾ സൃഷ്ടിച്ച ആപ്പ്. ജയ്‌പൂർ കേന്ദ്രമായ കമ്പനിയുടെ ആപ്പ് രണ്ട് ആഴ്‌ച കൊണ്ടാണ് ജനകീയമായത്. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്നതാണ് ചൈന വിരുദ്ധ ജ്വരം ശക്തമാകാൻ ഇടയാക്കിയത്. ഇന്ത്യക്കാരുടെ കയ്യിലെ പണം പല രീതിയിൽ ചൈനയിലേക്ക് എത്തുന്നു എന്ന വാദമുയർത്തി ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും ഓൺലൈൻ കാമ്പയിൻ സജീവമാണ്. ഇതിനിടെയാണ് ആപ്ലിക്കേഷൻ രംഗത്തും ഇടപെടലുണ്ടായത്.

ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ ഉപഭോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിന്റെ സെറ്റിംഗ്സിലോ പ്രവർത്തനങ്ങളിലോ മാറ്റം വരുത്താൻ പാടില്ലെന്നാണ് പ്ലേ സ്‌റ്റോർ പോളിസിയെന്നാണ് ഗൂഗിളിന്റെ ന്യായം. മൂന്നാമതൊരു ആപ്ലിക്കേഷനെ നീക്കം ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ പ്രോത്സാഹിപ്പിക്കില്ല. അതേസമയം ആപ്ലിക്കേഷനെ ജനകീയമാക്കിയവരെ അഭിവാദ്യം ചെയ്ത് വൺ ടച്ച് ലാബ്സ് രംഗത്തെത്തി. ആപ് പ്ലേ സ്‌റ്റോറിൽനിന്ന് നീക്കം ചെയ്താലും ആപ്പിന്റെ പേരും അത് ഉണ്ടാക്കിയ രാജ്യത്തിന്റെ പേരും ഒരുമിച്ച് സേർച്ച് ചെയ്താൽ ഗൂഗിളിൽനിന്ന് വേഗത്തിൽ കണ്ടെത്താനാകുമെന്നും ഇവർ പറയുന്നു.