tata-covid-hospital-
tata covid hospital chattanchal

കാസർകോട്: യുദ്ധത്തിലും പ്രളയത്തിലും തകരുന്ന പാലങ്ങൾ ഉടനടി പുതുക്കിപ്പണിയുന്ന ഇന്ത്യൻ ആർമിയുടെ കഴിവും സാങ്കേതിക മികവും സ്വീകരിച്ചാണ് ടാറ്റ കൊവിഡ് ആശുപത്രി ചട്ടഞ്ചാലിൽ പണിയുന്നത്. കൊവിഡ് ഭീഷണി നേരിട്ട ചൈനയിൽ സ്വീകരിച്ച സാങ്കേതികവിദ്യയും ടാറ്റ പരീക്ഷിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും തുടക്കം കുറിച്ച ആശയമാണ് ഇവിടെയും ടാറ്റയുടെ സാങ്കേതിക വിദഗ്ദ്ധർ നടപ്പിലാക്കുന്നത്. കോടികൾ ചിലവഴിച്ച് ആശുപത്രി സമുച്ചയം പണിയുന്നതിന് പകരം കണ്ടയ്നർ രൂപത്തിലുള്ള 'കൊവിഡ് ഐസൊലേഷൻ' ആശുപത്രി പണിയുന്നത് വളരെ എളുപ്പമാണ്. കല്ലും മണ്ണും മരങ്ങളുമൊന്നുമില്ലാതെ, പ്രകൃതിയെ ചൂഷണം ചെയ്യാതെയാണ് ആശുപത്രി ഒരുങ്ങുന്നത്.

ജൂലായ് അവസാനത്തോടെ ആശുപത്രി പൂർത്തിയാക്കി കൈമാറും.

12 ഐസൊലേഷൻ കണ്ടയ്നർ ചട്ടഞ്ചാലിൽ എത്തിക്കഴിഞ്ഞു. ഒരു കണ്ടയ്നർ തുടക്കത്തിൽ തന്നെ എത്തിയിരുന്നു. മംഗളൂരുവിൽ നിന്ന് അഞ്ചും ഫരീദാബാദിൽ നിന്ന് ആറും കണ്ടയ്നറുകളാണ്‌ കഴിഞ്ഞ ദിവസം എത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ ടാറ്റയുടെ ഫാക്ടറികളിൽ നിർമ്മാണം പൂർത്തിയായ കണ്ടയ്നറുകൾ ജൂലായ് ആദ്യത്തോടെ ഇവിടെ എത്തിച്ചേരും. പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീൽ ഉപയോഗിച്ചാണ് കണ്ടയ്നറുകൾ നിർമ്മിക്കുന്നത്. വടക്കെ ഇന്ത്യയിലെ റീമോട്ട് ഏരിയകളിൽ ഗ്രാമവാസികൾക്ക് വേണ്ടിയും ഇതേ മാതൃകയിൽ മിന്നൽവേഗത്തിലുള്ള ആശുപതി ഒരുക്കിയിട്ടുണ്ട്.

ലോറിയിൽ കൊണ്ടുവവരുന്ന കണ്ടയ്നറുകൾ ക്രെയിൻ ഉപയോഗിച്ച് ഉറപ്പിക്കും. ആവശ്യം കഴിഞ്ഞാൽ അഴിച്ചെടുത്തു മറ്റൊരിടത്തേക്ക് പറിച്ചുനടാനും കഴിയും. ഐസൊലേഷൻ റൂമിലെ കട്ടിലും ബെഡും ഫാനും ഉൾപ്പെടെയുള്ള എല്ലാ സാമഗ്രികളും ടാറ്റ തന്നെയാണ് നൽകുന്നത്. മെഡിക്കൽ ടീമിനെ ജില്ലാ ഭരണകൂടം നിയോഗിക്കും. ടാറ്റയുടെ 16 സാങ്കേതിക വിദഗ്ധർ ആശുപത്രി നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നുണ്ട്.

ആശുപത്രി കെട്ടിടങ്ങൾ പണിയാൻ സാധാരണവേണ്ടത് 1000 കോടി

ചട്ടഞ്ചാലിലെ ടാറ്റാ കൊവിഡ് ആശുപത്രിക്ക് ചിലവ് 60 കോടി മാത്രം

128 കണ്ടയ്നറുകൾ

541 ബെഡുകൾ

ലോക്ക് ഡൗൺ മൂലം ഫാക്ടറികൾ അടച്ചിടുകയും തൊഴിലാളികൾ നാട്ടിൽ പോവുകയും ചെയ്തതിനാലാണ് ഐസൊലേഷൻ കണ്ടയ്നറുകൾ വൈകുന്നത്. വഴിയിൽ കുടുങ്ങിയ കണ്ടയ്നറുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ജില്ലാ കളക്ടറും അതാത് സംസ്ഥാന അധികാരികളുമായി ബന്ധപ്പെട്ടാണ് ചട്ടഞ്ചാലിൽ എത്തിച്ചത്. മൂന്ന് സോണുകളായി പണിയുന്ന കൊവിഡ് ആശുപത്രി വേഗത്തിൽ സർക്കാരിന് കൈമാറാൻ കഴിയും.

പി.എൽ. ആന്റണി

(അഡ്മിനിസ്ട്രേറ്റിവ് ഹെഡ്, ടാറ്റ കമ്പനി )