കണ്ണൂർ: സ്വർണപ്പണയത്തിന്മേലുള്ള കാർഷികവായ്പ മോറട്ടോറിയം ആനുകൂല്യത്തോടെ നീട്ടിയെങ്കിലും വായ്പ എടുത്തവർ കുടുക്കിൽ തന്നെ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാർച്ച് ഒന്നുമുതൽ മേയ് 31 വരെ തിരിച്ചടവ് കാലാവധി തീരുന്ന സബ്സിഡി വായ്പകൾക്കായിരുന്നു കാലാവധി നീട്ടിയത്. വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും കാർഷിക വായ്പകൾ കാലാവധി പൂർത്തിയാകുന്ന വേളയിൽ പുതുക്കണമെന്നതിന് ബാങ്കുകൾ ഇളവുകൾ നൽകിയിട്ടില്ലെന്നതാണ് കർഷകരെ വലയ്ക്കുന്നത്.

കിസാൻ ക്രെഡിറ്റ് കാർ‌ഡുള്ളവർക്ക് മാത്രമേ കാർഷിക സ്വർണ പണയ വായ്പകൾ ലഭിക്കുകയുള്ളൂ. കേന്ദ്ര സർക്കാരിന്റെ സബ്സിഡി ലഭിക്കുന്ന കാർഷിക വായ്പ എടുത്തവരാണ് കൂടുതലും പ്രതിസന്ധിയിലായിരിക്കുന്നത്. കാർഷിക, സ്വർണ പണയ വായ്പ എടുത്തവർ ഒരു വർഷ കാലാവധി പൂർത്തിയാകും മുമ്പ് പുതുക്കിയാൽ മാത്രമേ സബ്സിഡി ലഭ്യമാകൂ. നിലവിലെ സാഹചര്യത്തിൽ കാർഷിക, സ്വർണ പണയ വായ്പകൾ പഴയതു പോലെ പുതുക്കുന്നത് നിർത്തലാക്കിയതായും പറയുന്നുണ്ട്.

അതേസമയം ബാങ്കുകളിൽ ഫണ്ട് എത്താത്തതുമൂലം സബ്സിഡി കർഷകർക്ക് ലഭിക്കുകയുമില്ല. പലർക്കും 7.85 ശതമാനം നിരക്കിൽതന്നെ ഇപ്പോൾ പലിശ അടക്കണം. സബ്സിഡി പിന്നീട് അതാത് അക്കൗണ്ടുകളിൽ എത്തിക്കോളുമെന്ന മറുപടിയാണ് പലർക്കും ബാങ്കുകളിൽനിന്നു ലഭിക്കുന്നത്. അതായത് മൂന്നുമാസത്തെ പലിശയും കൂട്ടുപലിശയും തിരിച്ചടയ്ക്കേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്.

പലിശ ഒഴിവാക്കിയത് ബാങ്കുകൾ അറിഞ്ഞില്ല

ലോക് ഡൗൺ കാലത്ത് വായ്പകൾക്ക് പലിശ ഒഴിവാക്കിയത് പല ബാങ്കുകളും അറിഞ്ഞില്ലെന്നാണ് കർഷകരോട് പറയുന്നത്. മിക്ക ബാങ്കുകളും ഏപ്രിൽ മാസത്തെ പലിശയും ഇടപാടുകാരിൽ നിന്ന് ഈടാക്കുന്നുണ്ട്. ഇടപാടുകാർ മാനേജർക്ക് പരാതി നൽകിയെങ്കിലും അത്തരം നിർദേശങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്നാണ് മറുപടി.

മാത്രമല്ല, ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാൻ കൊവിഡ് കാലത്ത് വായ്പ തിരിച്ചടയ്ക്കാൻ എത്തിയവരെ പോലും അധികൃതർ മടക്കി അയയ്ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. മേയ് 31 നുശേഷവും മോറട്ടോറിയം മൂന്നുമാസത്തേക്കു കൂടി നീട്ടിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉത്തരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

എവിടെയും പകൽകൊള്ള

റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചതോടെ പലരും മൂന്നുമാസത്തിനകം വായ്പ തിരിച്ചടച്ചാൽ മതിയെന്ന ആശ്വാസത്തിലായിരുന്നു. എന്നാൽ ബാങ്കുകളിൽനിന്നു സന്ദേശം എത്തിയതോടെയാണ് ഈ കാലയളവിലെ പലിശയും കൂട്ടുപലിശയും കൂടി ആദ്യം അടയ്ക്കേണ്ടിവരുമെന്ന് ബോധ്യമായത്.

മോറട്ടോറിയം കാലത്തെ പലിശകൂടി ആദ്യംതന്നെ ദേശസാത്കൃതബാങ്കുകൾ വാങ്ങുന്നത് നീതീകരിക്കാൻ കഴിയില്ല.

കർഷകർ

.