കാസർകോട്: ലോക്ക് ഡൗൺ കാരണം കാസർകോട് ജില്ലയിലെ നിരവധി ഡോക്ടർമാർ കർണ്ണാടകയിൽ കുടുങ്ങിയതിനെ തുടർന്ന് കാസർകോട്ടെ മിക്ക ആശുപത്രികളിലും വിദഗ്ദ്ധ സേവനം ലഭ്യമല്ലാതായി. ലോക്ക്ഡൗൺ ഇളവ് നൽകിയതിനെ തുടർന്ന് രോഗികൾ പലരും ആശുപത്രിയിൽ എത്താൻ തുടങ്ങിയെങ്കിലും ഡോക്ടർമാർ ഇല്ലാതെ മടങ്ങേണ്ടി വരികയാണ്.

ജില്ലയിൽ സേവനം നൽകുന്ന 150 ഓളം ഡോക്ടർമാരാണ് മംഗളുരു ഉൾപ്പെടെയുള്ള കർണ്ണാടകയിലെ നഗരപ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. കർണാടക ഇവർക്ക് വരുന്നതിനു പാസ് അനുവദിക്കാൻ തയ്യാറായെങ്കിലും കേരളത്തിന്റെ പാസ് ലഭിക്കാത്തതുകൊണ്ടാണ് ഡോക്ടർമാർക്ക് എത്താൻ കഴിയാത്തത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരോടൊപ്പം കാസർകോട്ടെ സർക്കാർ ആശുപത്രികളിലെ ഏതാനും ഡോക്ടർമാരും മംഗളൂരുവിൽ ഉണ്ട്.

ലോക്ക് ഡൗണിന് മുമ്പ് കുടുംബ വീടുകളിലേക്കും സ്വന്തം വീടുകളിലേക്കും പോയവരാണ് ഈ ഡോക്ടർമാർ. കുടുംബത്തോടൊപ്പം ചെലവഴിച്ചു തിരിച്ചുവരാനിരിക്കെയാണ് അതിർത്തി അടച്ചത്. സർക്കാർ ഇളവുകൾ അനുവദിക്കുമ്പോൾ വരാം എന്ന് കരുതിയവർ മാസങ്ങൾ കുടുങ്ങുകയായിരുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രികളിൽ വിദഗ്ധചികിത്സ എത്തുന്നതിൽ ഭൂരിഭാഗം പേരും കർണാടകത്തിലെ ഡോക്ടർമാരാണ്.

അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് വേണമെന്ന് കേരള സർക്കാർ നിർബന്ധമാക്കിയതോടെയാണ് ഇവരും കുടുങ്ങിയത്. അന്തർസംസ്ഥാന യാത്രകൾക്ക് പാസ് വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചെങ്കിലും ഇളവ് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഇന്നലെ മംഗളുരു ഡെപ്യുട്ടി കമ്മിഷണറുമായി ചർച്ച ചെയ്യുകയും പ്രശ്നം പരിഹരിക്കാൻ ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്.

ബൈറ്റ്

സർക്കാർ ഡോക്ടർമാരിൽ ചിലരും മംഗളൂരുവിൽ കുടുങ്ങിയിട്ടുണ്ട്. ഡോക്ടർമാരെ കാസർകോട് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉത്തരവ് ഇറങ്ങിയാൽ ഇവർക്ക് വരാൻ തടസം ഉണ്ടാകില്ല.

ഡോ. എം. മുഹമ്മദ് (ജില്ലാ പ്രസിഡന്റ്, കെ.ജി.എം.ഒ.എ)

അന്തർ സംസ്ഥാന യാത്രകൾക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ നിന്നും കാസർേകാട് ജില്ലയിലേക്ക് വരുന്ന സ്ഥിരം യാത്രക്കാർക്ക് പാസ് അനുവദിക്കുന്നതിന് നടപടിക്രമങ്ങൾ സ്വീകരിച്ചു. ജാഗ്രത പോർട്ടറിൽ അപേക്ഷിച്ചാൽ ഒരു മണിക്കൂറിനകം എ.ഡി.എമ്മോ ഡെപ്യുട്ടി കളക്ടറോ പാസ് അനുവദിക്കും. ഇതിന് 28 ദിവസം കാലയളവുണ്ടാകും. ഡോ. ഡി. സജിത്ത് ബാബു (കാസർകോട് ജില്ലാ കളക്ടർ )