ചെറുവത്തൂർ: അന്ധതയെ തോല്പിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പിന്നോക്ക വിഭാഗക്കാരന് വാഗ്ദാനം ചെയ്ത ജോലി നൽകാതെ സർക്കാർ .ചരിത്രത്തിൽ ബി.എഡും പി.ജിയുമുള്ള ചീമേനി പൊതാവൂരിലെ എം. അജയകുമാറാണ് സർക്കാർ കനിവിനായ് കാത്തുനിൽക്കുന്നത്. ഉത്സവകാലങ്ങളിൽ ചെണ്ടകൊട്ടിയും ചമയങ്ങളിലും നാടൻ പാട്ടുസംഘത്തിൽ സജീവമായും കഞ്ഞിക്ക് വക കണ്ടെത്തിയ ഈ യുവാവ് കൊവിഡ് മൂലം അത്തരം അവസരങ്ങൾ നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണിപ്പോൾ.
പ്രസവ ശസ്ത്രക്രിയയെ തുടർന്ന് ഭാര്യ ഗീത മരിച്ചതോടെ ഈ യുവാവിന്റെ താങ്ങും നഷ്ടപ്പെട്ടു. പട്ടികജാതിക്കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനാണ് ജോലി നൽകാനുള്ള ചുമതല നൽകിയത്. 2018 ഡിസംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇതു സംബന്ധിച്ച ഫയലെത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. 2019 മാർച്ച് 31 നുളളിൽ കെടെറ്റ് നേടിയില്ലെന്ന കാരണത്താലാണ് നിയമനം നീളുന്നത്. തെയ്യം കലാകാരനായ എം. കുഞ്ഞിരാമന്റെയും. ശാന്തയുടെയും മകനാണ് അജയകുമാർ. രണ്ടാം വയസ്സിലാണ് ഇദ്ദേഹത്തിന് കാഴ്ചശക്തി പൂർണമായും നഷ്ടമായത്. റെറ്റിന ബ്ലാസ്റ്റോമ എന്ന രോഗമാണ് കാരണം. ഏകമകൾ അർപ്പിത് റാമിനും ഈ അസുഖത്തെ തുടർന്ന് ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. ഭാര്യയുടെ മരണത്തിന് പിന്നിൽ ചികിത്സാപിഴവാണെന്നാരോപിച്ച് അജയ് കുമാർ കൊടുത്ത കേസ് കോടതിയുടെ പരിഗണനയിലാണ്. 39 വയസ്സിലെത്തി നിൽക്കുന്ന ഈ യുവാവിന് ഇനി മറ്റൊരു തൊഴിൽ കണ്ടെത്തുകയെന്നതും പ്രയാസമാണ്.