കാഞ്ഞങ്ങാട്: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത് സംബന്ധിച്ച് മലയോരത്തെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ ഒന്നരമാസമായി കടുമേനി പട്ടയങ്ങാനം താമസിച്ചുവരുന്ന കരിന്തളം കോയിത്തട്ട സ്വദേശിയായ 28 കാരനാണ് അസുഖം സ്ഥിരീകരിച്ചത്.

23ന് രാത്രി യുവാവിന്റെ ഭാര്യയെ ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു. എന്നാൽ 24 ന് രാവിലെ ആരോഗ്യനില മോശമായതിനെത്തുടർന്ന് യുവതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ആംബുലൻസിലാണ് ഇവരെ പരിയാരത്തെത്തിച്ചത്. ഇതിനിടെ യുവാവിന്റെ അമ്മയും കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തി.

ചുമയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് 27ന് ഇയാളുടെ സാമ്പിൾ ശേഖരിച്ചു. 29 ന് യുവാവ് ഓട്ടോറിക്ഷയിലാണ് പരിയാരത്തുനിന്ന് പട്ടയങ്ങാനം കോളനിയിലെത്തുന്നത്. അന്നുരാത്രി കോളനിയിലെ ഒരു മരണാനന്തരചടങ്ങിലും പങ്കെടുത്തു. 31നാണ് യുവാവിന്റെ ഭാര്യയും അമ്മയും വീട്ടിൽ തിരിച്ചെത്തുന്നത്. അമ്മ ഇന്നലെ പട്ടയങ്ങാനത്തേക്കു വന്ന മകൾക്കൊപ്പം കോയിത്തട്ടയിലെ വീട്ടിലേക്ക് തിരിച്ചുപോയി.

പട്ടയങ്ങാനത്തെ ഭാര്യാവീട്ടിൽ 12 പേരാണു താമസിക്കുന്നതെന്നും പറയുന്നു. യുവാവ് ബാങ്ക്, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലും പോയിട്ടുണ്ട്. അതിനാൽ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. യുവാവിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. കൂലിപ്പണിക്കാരനായ യുവാവ് ലോക്ക് ഡൗൺ ആയതിനാൽ കഴിഞ്ഞ ഒന്നരമാസമായി ജോലിക്കുപോയിരുന്നില്ല.