കാസർകോട്: സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ച യു.ഡി ക്ലാർക്കിനെ മർദ്ദിക്കുകയും തുപ്പുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ്. ബദിയടുക്ക പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് രാജ്‌മോഹന്റെ പരാതിയിൽ സെക്രട്ടറി എം. പ്രദീപിനെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.

ജോലിയിൽ വീഴ്ച വരുത്തിയ പഞ്ചായത്തിലെ രണ്ട് ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് ബന്ധപ്പെട്ടവർക്ക് കൈമാറുന്നതിന് രാജ്‌മോഹൻ വിസമ്മതിച്ചതിനെ ചൊല്ലി നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. നോട്ടീസ് വായിച്ചാൽ മനസിലാകുന്നില്ലെന്ന് രാജ്‌മോഹൻ പറഞ്ഞതാണ് ഇരുവരും തമ്മിലുള്ള തർക്കത്തിനും വിരോധത്തിനും കാരണമായതത്രെ. മേയ് 30 ന് രാജ്‌മോഹൻ ജോലി ചെയ്യുന്നതിനിടെ എത്തിയ പഞ്ചായത്ത് സെക്രട്ടറി നേരത്തെയുണ്ടായ പ്രശ്നത്തിന്റെ പേരിൽ വീണ്ടും വഴക്കുകൂടുകയായിരുന്നു. ഈ സമയത്ത് സെക്രട്ടറിക്ക് പനിയും ജലദോഷവുമുണ്ടായിരുന്നു.

കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കാബിനിലേക്ക് വരുമ്പോൾ സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശിച്ചപ്പോൾ രോഗം പകരുന്നെങ്കിൽ പകരട്ടെ എന്നുപറഞ്ഞ് സെക്രട്ടറി തന്റെ ദേഹത്ത് തുപ്പുകയും തുടർന്ന് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് രാജ്‌മോഹന്റെ പരാതിയിൽ പറയുന്നത്. ഈ സംഭവത്തിന് ശേഷം ആരോഗ്യപ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.