കാസർകോട്: ജനറൽ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുൾപ്പെടെ മൂന്നു പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. വി രാംദാസ് അറിയിച്ചു. 26 ന് ബഹ്റിനിൽ നിന്നും വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന് മഹാരാഷ്ട്രയിൽ നിന്ന് കാറിൽ എത്തിയ 27 വയസുള്ള ചെറുവത്തൂർ പഞ്ചായത്തിലെ കുട്ടമത്ത് അമ്പലത്തിന് അടുത്തുള്ള യുവാവിനും 34 വയസുള്ള കാസർകോട് ജനറൽ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണെന്നാണ് നിഗമനം. വനിതാ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിൽ പോയി.
അതേസമയം ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന നാല് പേർക്ക് രോഗം ഭേദമായി. ജില്ലയിൽ നിലവിൽ 97 പേരാണ് ചികിത്സയിലുള്ളത്. മേയ് 27 ന് കൊവിഡ് സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്രയിൽ നിന്നെത്തിയ വോർക്കാടി സ്വദേശിക്കും 22 വയസുള്ള മഹാരാഷ്ട്രയിൽ നിന്നെത്തിയ മഞ്ചേശ്വരം സ്വദേശിക്കും 28 വയസുള്ള മഹാരാഷ്ട്രയിൽ നിന്നെത്തിയ ചെമ്മനാട് സ്വദേശിക്കും 33 വയസുള്ള ഖത്തറിൽ നിന്നെത്തിയ ചെമ്മനാട് സ്വദേശിക്കുമാണ് ഇന്നലെ കൊവിഡ് നെഗറ്റീവായത്. ജില്ലയിലാകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3753 ആയി ഉയർന്നിട്ടുണ്ട്.