കണ്ണൂർ: അഞ്ചാംക്ലാസുകാരൻ തങ്കപാണ്ടിക്കും സഹോദരി നാഗമ്മയ്ക്കും ഇനി സ്വന്തം വീട്ടിൽ ഇരുന്ന് തന്നെ ഓൺലൈൻ പഠനമാകാം. വീട്ടിൽ ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ പഠനം മുടങ്ങുമെന്ന ഇവരുടെ ആശങ്ക അവസാനിച്ചു. ജില്ലയിൽ ആരംഭിച്ച ഇക്ലാസ് ചലഞ്ചിന്റെ ഭാഗമായി ഇവർക്ക് പുത്തൻ ടിവി ലഭിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലോക് ഡൗൺ കാലത്ത് സ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ ഇല്ലായ്മകളിൽ വളർന്ന ഈ കുഞ്ഞുമനസുകൾ ഒന്ന് പിടഞ്ഞിരുന്നു. വീട്ടിൽ ഓൺലൈൻ ക്ലാസ്സുകൾ ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ജില്ലാ ലൈബ്രറിയിലെ ടെലിവിഷനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവർ ആശ്രയിച്ചിരുന്നത്. ഇത് വാർത്തയായതോടെയാണ് ഇവർക്ക് പഠനത്തിനുള്ള പുതുവഴികൾ തുറന്നത്. അപ്പോഴും വീട്ടിൽ തന്നെ പഠിക്കാനുള്ള സൗകര്യം കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹം ഇവർ ഉള്ളിൽ ഒതുക്കി.
ഒരു ദിവസത്തെ ക്ലാസ്സിന് എത്തിച്ചേരാൻ യാത്ര ചെലവിനായുള്ള പണം കടം വാങ്ങുകയായിരുന്നു ഇവർ. പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചേച്ചി സുർളിയമ്മാളിനും അനുജൻ ശിവയ്ക്കും ഓൺലൈൻ ക്ലാസ്സിന് എത്തുന്നതിന് യാത്ര ചെലവ് തടസ്സമായിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്തിന്റെ ഇ ചലഞ്ചാണ് ഇവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നത്. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി ജയബാലൻ, അംഗം അജിത് മാട്ടൂൽ എന്നിവർ പങ്കെടുത്തു.
മാതാപിതാക്കളും ഹാപ്പി
കൂലിപ്പണിക്കാരായ ഇവരുടെ മാതാപിതാക്കൾക്ക് ലോക്ക് ഡൗൺ കാരണം മാസങ്ങളായി ജോലിക്ക് പോകാൻ സാധിച്ചിട്ടില്ല. വീട്ടിൽ തന്നെ പഠിക്കാനുള്ള സൗകര്യം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ച ഇവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷാണ് ടി.വി കൈമാറിയത്. പഠനത്തിനായി സംവിധാനങ്ങൾ ലഭിച്ച സന്തോഷത്തിലാണ് ഈ കുടുംബം.
പടം...
ഓൺലൈൻ പഠനസൗകര്യമില്ലാതിരുന്ന പടന്നപ്പാലത്തെ തമിഴ് കുടുംബത്തിലെ കുട്ടികൾക്ക് ഇ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ടെലിവിഷൻ വിതരണം ചെയ്യുന്നു.