തളിപ്പറമ്പ്: കനത്തമഴയെ തുടർന്ന് പട്ടുവം മേഖലയിൽ നാശനഷ്ടം. ആശാരി വളവിൽ മതിൽ തകർന്ന് കൂറ്റൻ കല്ലുകൾ നിലംപതിച്ച് വീടിന് ഭീഷണിയായി. ടി.പി. രാജന്റെ വീടിന്റെ ചുവരിനാണ് കല്ലുകൾ പതിച്ചത്. തളിപ്പറമ്പ് -പട്ടുവം റോഡ് നവീകരണ സമയത്ത് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി മതിൽ അപകടാവസ്ഥയിലായിരുന്നു. ഈ ഭാഗത്താണ് മതിലുകൾ തകർന്നത്. മതിൽ അപകടാവസ്ഥയിലായ വിവരം രാജൻ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉണ്ട്.

പട്ടുവം മുതുകുട കിഴക്ക് മണ്ണിടിഞ്ഞ് വൈദ്യുതി തൂണുകൾ അപകടാവസ്ഥയിലായി. അരിയിൽ ചീത്തയിലെ പി.കെ.വി നബീസയുടെ വീടിനോട് ചേർന്ന മതിൽ കനത്ത മഴയിൽ ഇടിഞ്ഞു വീണു. ഇതോടെ ഉയർന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീട് അപകടാവസ്ഥയിലായി. കഴിഞ്ഞ കാലവർഷത്തിലും മതിൽ തകർന്നിരുന്നു. ബാങ്കിൽ നിന്നും വായ്പയെടുത്താണ് മതിൽ പുനർ നിർമ്മിച്ചിരുന്നത്. വാർഡ് മെമ്പർ എസ്.പി സൈനബ സ്ഥലം സന്ദർശിച്ചു. മംഗലശേരി പടിഞ്ഞാറെ ഇടുപ്പച്ചാൽ കാർത്ത്യായനിയുടെ വീട്ടു മതിലും മാണുക്കരയിലെ ഒ.സി. രാമകൃഷ്ണന്റെ വീടിന്റെ ചുറ്റുമതിലും തകർന്നു. സംഭവ സ്ഥലങ്ങൾ പട്ടുവം വില്ലേജ് ഓഫീസർ ജസ്റ്റിൻ ബെഞ്ചമിൻ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.