മാഹി: രണ്ടര മാസത്തെ കാത്തിരിപ്പിനൊടുവിൽ, മയ്യഴിയിലെ മദ്യശാലകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രവർത്തിച്ചുതുടങ്ങും. കേരളത്തിലേതിന് തുല്യമായ വില ഈടാക്കി മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനാണ് തീരുമാനം. കേരളത്തിൽ ലഭ്യമല്ലാത്ത മദ്യത്തിന് 30ശതമാനവും മറ്റുള്ള മദ്യത്തിന് 25ശതമാനവും കൊവിഡ് നികുതിയായി ഏർപ്പെടുത്തി ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
മദ്യത്തിൽ നിന്ന് മാത്രം ദിവസേന 2.5 കോടി രൂപയുടെ വരുമാന നഷ്ടമാണ് പുതുച്ചേരി സർക്കാരിനുണ്ടായിട്ടുള്ളത്. മദ്യത്തിനും പെട്രോളിയം ഉത്പന്നങ്ങൾക്കും മയ്യഴിയിൽ നാളിത് വരെ ഗണ്യമായ വിലക്കുറവുണ്ടായിരുന്നു. എന്നാലിപ്പോൾ കൊവിഡിനെ തുടർന്ന് പെട്രോളിയം ഉത്പന്നങ്ങൾക്ക് കഴിഞ്ഞ ദിവസം നികുതി വർദ്ധിപ്പിച്ചിരുന്നു.
നികതിയിളവിന്റേയും വിലക്കുറവിന്റേയും നാടായിട്ടാണ് കേന്ദ്ര ഭരണ പ്രദേശമായ മാഹി അറിയപ്പെട്ടിരുന്നത്. പുതുച്ചേരി സർക്കാരിന്റെ മുഖ്യ വരുമാനം മദ്യം, പെട്രോൾ വിൽപ്പനയിലൂടെയായിരുന്നു.