കാസർകോട്: സ്‌കൂട്ടറിൽ കടത്തിയ കർണ്ണാടക നിർമിത വിദേശ മദ്യവുമായി ബന്തടുക്ക സ്വദേശി പിടിയിലായി. ബന്തടുക്ക കക്കാജെയിലെ സച്ചിനെ (38)യാണ് എക്‌സൈസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. 180 മില്ലിയുടെ 96 കുപ്പി മദ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് ബന്തടുക്ക പയറടുക്കം വനമേഖലയിലൂടെ സ്‌കൂട്ടറിൽ മദ്യം കടത്തുന്നതിനിടെ എക്‌സൈസ് വനംവകുപ്പ് ഉദ്യോഗസ്ഥർ വാഹനം തടയുകയായിരുന്നു. തുടർന്ന് മദ്യവും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്ത് സച്ചിനെ അറസ്റ്റ് ചെയ്തു.
ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എസ്. സെമീർ, കാറടുക്ക ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ആർ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്. പ്രിവന്റീവ് ഓഫീസർ വിനയരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഫ്‌സൽ, ജനാർദന, ശരത്, വനംവകുപ്പ് ഉദ്യോഗസ്ഥരായ സെക്ഷൻ ഫോറസ്റ്റ് ബീറ്റ് ഓഫീസർ ധനഞ്ജയൻ, ഡ്രൈവർമാരായ വിജയൻ, വിപിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.