കാസർകോട്: സംസ്ഥാന പൊലീസിൽ ഡിവൈ.എസ്.പി തലത്തിൽ വൻ അഴിച്ചുപണി. നിരവധി ഡിവൈ.എസ്.പി മാരെ സ്ഥലം മാറ്റി നിയമിച്ചു. കാസർകോട് ജില്ലയിലെ നാല് സർക്കിൾ ഇൻസ്‌പെക്ടർമാരെ പ്രമോഷൻ നൽകി ഡിവൈ.എസ്.പിമാരായി നിയമിച്ചു. കാസർകോട് അഡീഷണൽ എസ്. പി പി.ബി പ്രശോഭിനെ പാലക്കാട് അഡീഷണൽ എസ്.പി ആയി മാറ്റി നിയമിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി സേവിയർ സെബാസ്റ്റ്യൻ ആണ് പുതിയ അഡീഷണൽ എസ്.പി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരനെ കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആയി മാറ്റി നിയമിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എംപി വിനോദാണ് പുതിയ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ ദാമോദരനെ കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആയി നിയമിച്ചു.
തിരുവനന്തപുരത്ത് നിന്ന് ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡപ്യൂട്ടേഷൻ കഴിഞ്ഞു വരുന്ന ഉദുമ സ്വദേശി ഡോക്ടർ വി. ബാലകൃഷ്ണൻ ആണ് പുതിയ വിജിലൻസ് ഡിവൈ.എസ്.പി. ഉദ്യോഗക്കയറ്റം ലഭിച്ച രാജപുരം സി.ഐ ബാബു പെരിങ്ങേത്തിനെ കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പിയാക്കി. ഹൊസ്ദുർഗ് സി.ഐ വിനോദ് കുമാറിനെ തിരുവനന്തപുരം എസ്.എസ്.ബി ഡിവൈ.എസ്.പി ആയി നിയമിച്ചു. കാസർകോട് എസ്.എസ്.ബി സി.ഐ സി.കെ സുനിൽകുമാറിനെ തൃശ്ശൂർ വിജിലൻസ് ഡിവൈ.എസ്.പി ആയും ചന്തേര ഇൻസ്‌പെക്ടർ കെ.പി സുരേഷ് ബാബുവിനെ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ആയും ഉദ്യോഗകയറ്റം നൽകി നിയമിച്ചിട്ടുണ്ട്.
കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്പ കഴിഞ്ഞദിവസം ചുമതലയേറ്റിരുന്നു. സംസ്ഥാനത്ത് 26 സി.ഐ മാരെ ഡിവൈ. എസ്.പി മാരായി ഉദ്യോഗക്കയറ്റം നൽകി നിയമിച്ചു. 54 ഡിവൈ.എസ്.പി മാരെയാണ് സ്ഥലംമാറ്റി നിയമിച്ചത്. 14 ഡിവൈ.എസ് പിമാരെ എസ്. പിമാരായും നിയമിച്ചിട്ടുണ്ട്.