ചെറുവത്തൂർ: കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ പൊന്മാലം ഒമ്പതാം വാർഡും പടന്ന പഞ്ചായത്തിലെ കിനാത്തിൽ ഏഴാം വാർഡും അധികൃതർ അടച്ചുപൂട്ടി. ചെറുവത്തൂർ കുട്ടമത്ത് പൊന്മാലം മഹാരാഷ്ട്രയിൽ നിന്ന് കാറിൽ എത്തിയ യുവാവിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് ബസിൽ എത്തിയ 60 കാരന് രോഗം ബാധിച്ചതിനെ തുടർന്നാണ് കിനാത്തിൽ ഹോട്സ്പോട്ട് ആയത്. യുവാവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ മാധവൻ മണിയറയുടെ നേതൃത്വത്തിൽ ചന്തേര പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ആണ് വാർഡിന്റെ അതിർത്തികൾ അടച്ചു പൂട്ടിയത്.
ചെറുവത്തൂർ ടൗണിൽ ദേശീയ പാതക്ക് കിഴക്ക് ഭാഗം ഹോട്ട്സ്പോട്ടിൽ ഉൾപ്പെടും. കയ്യൂർ റോഡിലൂടെയുള്ള വാഹന ഗതാഗതവും അനുവദിക്കില്ല. സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും ആളുകൾ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും ഈ ഭാഗത്ത് പൊലീസും ആരോഗ്യ വകുപ്പും മൈക്ക് പ്രചാരണവും നടത്തി. അതിനിടെ യുവാവ് നിരീക്ഷണത്തിൽ കഴിയവെ പുറത്തിറങ്ങി എന്ന പ്രചരണം ശരിയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ മാധവൻ മണിയറ പറഞ്ഞു. ആശുപത്രിയിൽ പോകുന്ന യുവാവിനെ ആശ്വസിപ്പിച്ചാണ് പറഞ്ഞയച്ചതെന്നും അദ്ദേഹം പറഞ്ഞു. പടന്നയിൽ കിനാത്തിൽ ജംഗ്‌ഷൻ മുതൽ തൊട്ടുകര വരെയുളള ഭാഗമാണ് അടച്ചു പൂട്ടിയത്. അതിനിടെ കാസർകോട് ജനറൽ ആശുപത്രിയിൽ നാല് നഴ്‌സുമാർ നിരീക്ഷണത്തിൽ പോയതായി ഡി.എം.ഒ പറഞ്ഞു. വനിതാ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.