മലപ്പുറം: ഓൺലൈൻ പഠനം നടത്താൻ സൗകര്യം ഇല്ലാത്തതിനാൽ മലപ്പുറം വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവിക മനംനൊന്ത് ജീവനൊടുക്കിയ സംഭവം തിരൂർ ഡി.വൈ.എസ്.പി പി.കെ. സുരേഷ്ബാബു അന്വേഷിക്കും.ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘം ഇന്നുമുതൽ അന്വേഷണം തുടങ്ങും. മലപ്പുറം എസ്.പി യു. അബ്ദുൾ കരിമാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളുടെയും സ്‌കൂൾ അധികൃതരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.
രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെടെ പതിനൊന്നംഗ സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ സർക്കാർ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോർട്ട് തേടിയിരുന്നു. വിദ്യാഭ്യാസ വകുപ്പിനും അധ്യാപകർക്കും വീഴ്ചയില്ലെന്ന് ഡി.ഡി.ഇ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിൽ ടെലിവിഷനും ഇന്റർനെറ്റ് സൗകര്യവും ഉടൻ എത്തിക്കാനുള്ള നടപടി പൂർത്തിയായി. കൈക്കുഞ്ഞായ സഹോദരിക്ക് പോഷകാഹാരം ഉറപ്പ് വരുത്തും. ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് എട്ടാം തിയ്യതിക്കു മുൻപായി സൗകര്യം ഉറപ്പ് വരുത്തുമെന്നും മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാല കൃഷ്ണൻ അറിയിച്ചു. ആത്മഹത്യ ആണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അതിന്റെ കാരണമാണ് അന്വേഷണ സംഘം കണ്ടെത്തേണ്ടത്. ദേവികയുടെമരണത്തിൽ സർക്കാരാണ് പ്രതിക്കൂട്ടിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.