pic

കണ്ണൂർ: ലോക്ക്ഡൗൺ കാലത്ത് ജോലി നഷ്ടമായി ജില്ലയിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളുടെ ജന്മനാട്ടിലേക്കുള്ള ഒഴുക്ക് തുടരുന്നു. പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇന്നലെ മൂവായിരത്തി മുന്നൂറോളം പേർ യാത്രയായത്. പശ്ചിമ ബംഗാളിലേക്കുള്ള ആദ്യ നോൺസ്റ്റോപ് ശ്രമിക് ട്രെയിൻ 1650 അന്യസംസ്ഥാന തൊഴിലാളികളുമായി കണ്ണൂരിൽ നിന്നും 9:30 ന് പുറപ്പെട്ടു. ന്യൂ കുച്ച് ബീഹാർ സ്റ്റേഷനിൽ വെള്ളിയാഴ്ച എത്തും. മാഹിയിൽ നിന്നുള്ള 22 പേരെയടക്കം 39 കെ.എസ്.ആർ.ടി.സി ബസുകളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ഒഡീഷയിലേക്കുള്ള നോൺസ്റ്റോപ് ശ്രമിക് ട്രെയിനിൽ 1613 അന്യസംസ്ഥാന തൊഴിലാളികൾ 6:15 ന് യാത്ര തിരിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും കോർപ്പറേഷൻ പരിധിയിൽ നിന്നും 36 കെ.എസ്.ആർ.ടി.സി ബസുകളിലായി തൊഴിലാളികളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.