കണ്ണൂർ: കൊവിഡ് 19 വ്യാപനം സൃഷ്ടിച്ച തലവേദനയ്ക്ക് ഇടയിൽ മഴക്കാലം കൂടി എത്തിയതോടെ കണ്ണൂർ ആശങ്കയിലാണ്. മലയോരങ്ങൾ പകർച്ച വ്യാധിയുടെയും പ്രകൃതിക്ഷോഭങ്ങൾക്കും ഇരയാകുമെന്നതാണ് ഭീതി. ജില്ലയിലെ പ്രധാന കുടിയേറ്റ മേഖലയായ ആലക്കോട് മേഖലയിൽ വേനൽ മഴ പെയ്തതോടെ ഡങ്കിപ്പനിയും തുടങ്ങി. നടുവിൽ, ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളിലായി നൂറു പേർ ചികിത്സയിലാണ്. രണ്ട് മാസമായുളള പകർച്ച വ്യാധി മഴ കനക്കുന്നതോടെ രൂക്ഷമായേക്കും. ആലക്കോട് പഞ്ചായത്തിലെ തേർത്തല്ലിയിലാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ലോക്ക്ഡൗൺ തുടങ്ങിയതോടെ റബ്ബർ തോട്ടങ്ങളിലും ടൗണിലും ശുചീകരണം മുടങ്ങിയതാണ് വെല്ലുവിളിയായത്. നടുവിലെ വെള്ളാട് പള്ളിക്കവലയിലെ വീട്ടമ്മ എട്ട് മാസം മുൻപ് ഡങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. പത്തോളം പേരെയാണ് അന്ന് രോഗം ബാധിച്ചത്. ഇതിനിടെ ആലക്കോടിന് അടുത്തുള്ള പരപ്പയിൽ കൊവിഡ് വന്നതോടെ ജനം ആശങ്കയിലാണ്. ആലക്കോട് റെഡ് സോണിലായതോടെ നഗരം വിജനമാണ്. രണ്ടാഴ്ചയോളം ഓട്ടോറിക്ഷയടക്കം ഓടില്ല. അതേസമയം മഴ കനത്താൽ മേഖലയിൽ ഉരുൾ പൊട്ടൽ സാദ്ധ്യതയുമുണ്ട്. ഇതും ആശങ്ക സൃഷ്ടിക്കുന്നു.
ഇരിട്ടി മേഖലയിലും മഴക്കാലം മുന്നിൽ കണ്ട് മുന്നൊരുക്കം തുടങ്ങി. ബാവലി പുഴയിലെ മണൽ നീക്കി ഒഴുക്ക് പുനസ്ഥാപിച്ചു. ഇരിട്ടി നഗരസഭയ്ക്ക് പുറമേ പഞ്ചായത്തുകളും മണലും മരങ്ങളും പുഴയിൽ നിന്നും മാറ്റി. കൊട്ടിയൂർ പഞ്ചായത്ത് പ്രവർത്തി നേരത്തെ തുടങ്ങി. ഇരിട്ടിയിൽ കഴിഞ്ഞ മാസമാണ് തുടങ്ങിയത്. അയ്യൻകുന്ന് പഞ്ചായത്തിലേക്ക് കർണാടകയിൽ നിന്നും വരുന്ന വെള്ളമാണ് പ്രശ്നം. ഇവിടെ പാറക്കൂട്ടം മാറ്റി. കൊട്ടിയൂർ, കേളകം പഞ്ചായത്ത് പരിധിയിലും ഒഴുക്ക് ശരിയാക്കി.വേനൽ മഴ ലഭിച്ച മെയ് മാസത്തിൽ കാറ്റിൽ അയ്യൻകുന്ന് പഞ്ചായത്തിലെ ആറോളം വീടുകൾ തകർന്നിരുന്നു. ഇനി എന്ത് സംഭവിക്കുമെന്നാണ് ആശങ്ക. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പേരാവൂർ-ഇരിട്ടി റോഡിൽ പയഞ്ചേരി മുക്കിൽ രണ്ട് കലുങ്ക് നിർമ്മിക്കുന്നുണ്ട്. ഇരിട്ടി ബ്ലോക്ക് ഓഫീസിൽ സ്ഥിരമായി വെള്ളം കയറുന്നത് ഒഴിവാക്കാനാണിത്. ഉളിക്കൽ, പായം, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും ഡങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആരോഗ്യ വകുപ്പ് നന്നായി ഇടപെട്ട് ശുചീകരണം നടത്തുന്നുണ്ട്.