കണ്ണൂർ: പരിസ്ഥിതി ദിനമായ നാളെ ജില്ലയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം ഫല വൃക്ഷത്തൈകൾ നടുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് .ഇതിനകം പാർട്ടിയും വർഗ്ഗ ബഹുജന സംഘടനകളും മുൻകൈയെടുത്തുകൊണ്ട് നിലവിലുള്ളതിന് പുറമെ 3360.95 ഏക്കർ ഭൂമിയിൽ പുതുതായി നെല്ല്, പച്ചക്കറി ,കിഴങ്ങു വർഗ്ഗങ്ങൾ, പയറു വർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്തിട്ടുണ്ട് .കൊവിഡ് കാലത്ത് നേരിടുന്ന ദുരിതം കണക്കിലെടുത്തുകൊണ്ടാണ് ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നാടിനെ നയിക്കാൻ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ജയരാജൻ പ്രസ്താവനയിൽ വ്യക്തമാക്കി. അതോടൊപ്പം പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈകൾ നടുകയും അത് സംരക്ഷിക്കുകയും ചെയ്യുകയെന്ന കടമ കൂടി പാർട്ടി പ്രവർത്തകർ ഏറ്റെടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനകം വൃക്ഷത്തൈകൾ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തു കഴിഞ്ഞു . പാർടി ഓഫീസ് പരിസരവും മറ്റും വൃക്ഷതൈകൾ നടനായി ഉപയോഗിക്കും. പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ സി.പി.എം പ്രവർത്തകരോട് ജില്ലാ സെക്രട്ടറി അഭ്യർത്ഥിച്ചു .