trump

ന്യൂയോർക്ക്: ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ കത്തി പടരുന്ന പ്രതിഷേധങ്ങൾക്ക് തീ പകർന്നും ട്രംപിനെതിരെ ആഞ്ഞടിച്ചും പെന്റഗൺ മുൻ തലവൻ ജിം മാറ്റിസ്. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പക്വതയുള്ള ഒരു ഭരണാധികാരിയാകുന്നതിൽ പരാജയപ്പെട്ടെന്നാണ് ആക്ഷേപം.

ഇത്രയും കാലം ഭരിച്ചിട്ടും ജനതയെ ഒന്നിച്ച് നിർത്താൻ ശ്രമിക്കുന്നതായി അഭിനയിക്കുക പോലും അദ്ദേഹം ചെയ്തില്ല. പക്വതയില്ലാത്ത നേതൃത്വത്തിന്റെ ഫലമാണ് മൂന്ന് വർഷമായി അമേരിക്ക അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

' 50 വർഷം മുൻപ് സൈന്യത്തിൽ ചേരുമ്പോൾ ഒരു പ്രതിജ്ഞ എടുത്തിരുന്നു. അത് പാലിക്കാൻ പ്രതിജ്ഞാ ബദ്ധനായ പട്ടാളക്കാരൻ സഹപൗരന്റെ അവകാശം ലംഘിക്കുമെന്ന് കരുതുന്നില്ലെ'ന്നും മാറ്റിസ് കൂട്ടിച്ചേർത്തു.

ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്നുള്ള പ്രതിഷേധം സൈന്യത്തെയും മിലിട്ടറി പൊലീസിനേയും ഉപയോഗിച്ച് ഒതുക്കാനുള്ള ശ്രമം അമേരിക്കയിൽ തുടരുകയാണ്. ആയിരത്തിലധികം സമരക്കാർ അറസ്റ്റ് വരിച്ചു. അമേരിക്കൻ പ്രസിഡന്റുമായി യോജിച്ച് പോകാനാകാതെ വന്നതോടെ 2018ലാണ് യു.എസ് പ്രതിരോധ സെക്രട്ടറിയായിരുന്ന ജിം മാറ്റിസ് പദവി വിട്ടൊഴിഞ്ഞത്.