കാസർകോട് : കൊവിഡ് ക്വാറന്റൈനിൽ പാർപ്പിച്ചിരുന്ന ആശുപത്രിയിൽ നിന്ന് ചാടിപ്പോയ രണ്ട് കഞ്ചാവ് കേസ് പ്രതികളെ പൊലീസ് പിടികൂടി. രാജപുരം ചുള്ളിക്കരയിൽ വച്ചാണ് കഴിഞ്ഞ രാത്രി 10 മണിയോടെ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
കുമ്പള പൊലീസ് കഴിഞ്ഞ ദിവസം ആറു കിലോ കഞ്ചാവുമായി പിടികൂടിയ തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി അർഷാദ് (23), ധർമ്മടം സ്വദേശി സൽമാൻ (28) എന്നിവരാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ രക്ഷപ്പെടാൻ ശ്രമിച്ചത്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ ജയിൽ അധികൃതർ രാജപുരം പൂടംകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ടോയ്‌ലറ്റിന്റെ ജനൽ ഇളക്കിമാറ്റിയാണ് ഇരുവരും ആശുപത്രിയിൽ നിന്ന് ചാടിയത്. പക്ഷെ രാത്രി വാഹനങ്ങളൊന്നും കിട്ടാതിരിക്കുകയും സ്ഥലം പരിചയമില്ലാത്തതിനാലും കൂടുതൽ ദൂരം പോകാൻ കഴിഞ്ഞില്ല.
വിവരം അറിഞ്ഞു പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിൽ ആണ് ഇരുവരും ചുള്ളിക്കരയിൽ ഒളിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞത്. പ്രതികൾ രക്ഷപ്പെട്ട വിവരം വാട്സ്ആപ് വഴി അറിഞ്ഞ നാട്ടുകാർ ഇവരെ വളഞ്ഞുവെച്ചിരുന്നു. പ്രതികളെ പൊലീസ് വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.