കണ്ണൂർ: നിത്യജീവിതത്തിന്റെ ഭാഗമായ ഫിറ്റ്നെസ് സെന്ററുകൾക്ക് ലോക്ക് ഡൗൺ ഇളവുകൾ അനുവദിക്കാത്തതിൽ അനീതിയെന്ന് ട്രെയിനർമാർ. ഇതുസംബന്ധിച്ച് സർക്കാരിൽ നിന്നും യാതൊരു നടപടിയുമില്ലാത്തത് ആശങ്കപ്പെടുത്തുകയാണെന്ന് ഫിറ്റ്നെസ് ട്രെയിനർമാർ പറയുന്നു.
ജില്ലയിൽ 200 ൽ അധികം വരുന്ന ഫിറ്റ്നെസ് സെന്ററുകളിലായ് ഏകദേശം 500 ലധികം ഇൻസ്ട്രക്ടർമാരുണ്ട്. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ മൂന്ന് മാസമായി ഇവർ വരുമാനം നഷ്ടപ്പെട്ട നിലയിലാണ്.പലരും വാടക മുറി എടുത്തും ലോൺ എടുത്തുമൊക്കെയാണ് ഫിറ്റ്നസ് സെന്ററുകൾ തുടങ്ങിയത്. നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന സെന്ററുകൾക്ക് ഭീമമായ മുറി വാടകയാണ് നൽകേണ്ടി വരുന്നത്. സെന്ററുകൾ പ്രവർത്തിക്കാതായതോടെ ലക്ഷങ്ങൾ വില വരുന്ന മെഷീനുകളും തുരുമ്പെടുക്കുകയാണെന്ന് ട്രെയിനർമാർ പറയുന്നു. സാധാരണ ഫിറ്റ്നെസ് സെന്റർ തുടങ്ങുന്നതിന് പത്തു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ചിലവിട്ടവരുണ്ട്.
സ്വകാര്യ ബസുകൾ ഓടുകയും മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയും ചെയ്ത സാഹചര്യത്തിൽ കൃത്യമായ അഡ്രസ്സും തിരിച്ചറിയൽ കാർഡും ഉള്ള വ്യക്തികൾ മാത്രം എത്തുന്ന ഫിറ്റ്നെസ് സെന്ററുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ ആശങ്കപ്പെടാനില്ലെന്നാണ് ട്രെയിനർമാർ പറയുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വ്യായാമം മുടങ്ങി
ബോഡി ബിൽഡിംഗിന് പുറമെ വിവിധ രോഗങ്ങളെ ചെറുക്കുന്നതിനാവശ്യമായ വ്യായാമങ്ങൾ ചെയ്യുന്നതിനു നിരവധി പേർ ഫിറ്റ്നെസ് സെന്ററുകളിൽ എത്തുന്നുണ്ട്. ഇത്തരത്തിൽ ചിട്ടയായ വ്യായാമത്തിലൂടെ നിരവധി പേർക്ക് അസുഖം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെന്നും ട്രെയിനർമാർ പറയുന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പലർക്കും ഫിറ്റ്നെസ് സെന്ററുകളിലെത്തി വ്യായാമം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതുമൂലം പലരും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരികയാണെന്നും ട്രെയിനർമാർ പറയുന്നു.
ബൈറ്റ്
എല്ലാ മേഖലയിലും ഇളവ് അനുവദിച്ചിട്ടും ആളുകളുടെ ആരോഗ്യസംരക്ഷണത്തിലെ പ്രധാനകണ്ണിയായ ഫിറ്റ്നെസ് സെന്ററുകൾ തുറക്കാൻ അനുവദിക്കാത്തത് ശരിയല്ല. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർ പട്ടിണിയിലേക്കാണ് പോകുന്നത്. സർക്കാർ അനുകൂല നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ
കെ.മുഹമ്മദ് തജ്വീർ ,ന്യൂ ഫിറ്റ്നസ് പുതിയതെരു