മാഹി: തലശ്ശേരി -മാഹി ബൈപാസ് റോഡിന്റെ പ്രവൃത്തി തീരുംമുമ്പ് കാലവർഷമെത്തിയതോടെ പാറാൽ മുതൽ പള്ളൂർ, ഈസ്റ്റ് പള്ളൂർ, കവിയൂർ വരെയുള്ള ഭാഗങ്ങളിൽ ഇരുവശങ്ങളിലുമുള്ള നിരവധി വീടുകളിൽ ചെളിവെള്ളം കയറി. സർവ്വീസ് റോഡുകൾ പുഴയായൊഴുകി. ഇരുവശങ്ങളിലുമുള്ള വിവിധ കുന്നുകളിടിച്ചാണ് പള്ളൂർ വയലിലൂടെ ദേശീയപാത നിർമ്മിക്കുന്നത്. രണ്ട് ഭാഗത്തു നിന്നും മലവെള്ളപ്പാച്ചിൽ പോലെ വെള്ളം ഒഴുകി പോവുകയാണ്.
സ്പിന്നിംഗ് മിൽ ബൈപാസ് ജംഗ്ഷനിലെ ചന്ദ്രൻ മാസ്റ്ററുടെയും ചെമ്പ്രയിലെ ഇല്ലിക്കൽ പ്രദീപന്റേതു മടക്കം നിരവധി വീടുകൾക്കകത്തേക്കാണ് ചെളിവെള്ളം കുത്തിയൊലിച്ചെത്തിയത്. ഒട്ടേറെ വീട്ടുകിണറുകളിൽ മലിനജലം ഒലിച്ചിറങ്ങി. റോഡ് ഉയർത്തിയതോടെ ഇരുവശത്തുമുള്ള വീടുകൾ താഴ്ന്ന് കിടക്കുന്ന അവസ്ഥയിലായി. മൂന്ന് മീറ്റർ ഡ്രൈനേജ് ഉണ്ടാക്കുമെന്ന് മാഹി അഡ്മിനിസ്‌ട്രേറ്റർക്കും എം.എൽ.എക്കും ദേശീയപാതാ അധികൃതർ ഉറപ്പ് നൽകിയതാണെങ്കിലും ഒന്നര മീറ്റർ ആഴമേ പലയിടങ്ങളിലുമുള്ളൂ.
ആറ്റാകൂലോത്ത് കോളനി, കാരക്കുന്ന് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലമത്രയും നിലവിട്ടൊഴുകുന്ന അവസ്ഥയിൽ പല വീട്ടുകിണറ്റിലേക്കും ഒലിച്ചിറങ്ങുകയാണ്. കവിയൂർ, ചൊക്ലി റോഡ് ജംഗ്ഷൻ, സ്പിന്നിംഗ് മിൽ റോഡ് ജംഗ്ഷൻ, പള്ളൂർ കമ്യൂണിറ്റി ഹാൾ പരിസരം, കുഞ്ഞിപ്പുരമുക്ക്, പാറാൽ റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതം അസാദ്ധ്യമായി. ഇരുചക്രവാഹനങ്ങൾ തെന്നി വീഴുകയാണ്.
പള്ളൂർ സബ്ബ് സ്റ്റേഷൻ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണ്ണമാക്കി. പള്ളൂർ സബ്ബ് സ്റ്റേഷൻ പരിസരം ഓവർ ബ്രിഡ്ജിന് സമീപവും കുഞ്ഞിപ്പുര മൂക്കിൽ നിന്നും തെറ്റി, പള്ളൂർ ടൗണിലേക്കും പാറാലിലേക്കും പോവുന്ന റോഡിലൂടെയുള്ള യാത്രയാണ് ദുഃസ്സഹമായത്.
വിവിധ ഓവുചാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം പള്ളൂർ സബ്ബ് സ്റ്റേഷൻ പരിസരത്തുകൂടി ശരിയായ വിധത്തിൽ ഒഴുകി പോകാനുള്ള ഓവുചാൽ സംവിധാനം അധികൃതരുടെ ദുർവാശി മൂലം തടസ്സപ്പെട്ടിരിക്കയാണ്.
രോഗ ഭീതിയും
പരിസര പ്രദേശത്തെ വീടുകളിൽ വെള്ളം കയറുകയും അഴുക്കുവെള്ളം പറമ്പുകളിൽ കെട്ടി കിടക്കുകയുമാണ്. ഇത് രോഗവ്യാപനത്തിനും കിണറുകളിലെ വെള്ളം മലിനമാകാനും ഇടയായിട്ടുണ്ട്. പള്ളൂർ സബ് സ്റ്റേഷൻ ജംഗ്ഷനിൽ ഡ്രൈനേജിന് ആഴം കൂട്ടുകയും അവിലകത്ത് പാലം പ്രധാന കനാലിലേക്ക് വെള്ളം തിരിച്ചുവിടുകയും ചെയ്യണമെന്നാണ് ആവശ്യം.