നീലേശ്വരം: ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ഗോകുലിന് ഓൺലൈൻ ക്ലാസിൽ ഇനി പങ്കെടുക്കാം. ഇതിന് സഹായവുമായി യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി കഴിഞ്ഞദിവസം ഗോകുലിനും സഹോദരി കൂവാറ്റി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗോപികയ്ക്കും ടാബ്‌ലറ്റ് കൈമാറി. കഴിഞ്ഞ ദിവസം ചോയ്യംകോട് പോണ്ടിയിലെ വീട്ടിൽ വന്നാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഗോകുലിനും സഹോദരിക്കും ടാബ്‌ലറ്റ് കൈമാറിയത്.
വൈദ്യുതിയും ടി.വിയുമില്ലാത്ത കുടിലിൽ കഴിയുന്ന ഗോകുലിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷയം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട കിനാനൂർ - കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂറിന്റെ നിർദ്ദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് ടാബ് ലെറ്റ് കൈമാറിയത്. കെ.എസ്.യു.ജില്ല വൈസ് പ്രസിഡന്റ് നവനീത് ചന്ദ്രൻ, ജനാർദ്ദനൻ കക്കോൽ, സൂരജ് തട്ടാച്ചേരി, കെ.എസ്.യു. നേതാക്കളായ രഞ്ജിൽ രാജീവ്, മാർട്ടിൻ ഏബ്രഹാം, സി.കെ. രോഹിത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ഓട് മേഞ്ഞ പ്ലാസ്റ്റിക് ഷീറ്റിട്ട കുടിലിലാണ് ഗോകുലും അമ്മ വനിത, സഹോദരങ്ങളായ ഗോപിക, രാഹുൽ എന്നിവരും കഴിയുന്നത്. അച്ഛൻ ഗോപി ആറു മാസം മുമ്പ് ഹൃദയാഘാതത്താൽ മരിച്ചിരുന്നു. ഇപ്പോൾ വനിത കടയിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.