മാഹി: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചു പൂട്ടിയ മാഹിയിലെ മദ്യഷാപ്പുകൾ ഇന്നലെ ഉച്ച മുതൽ തുറന്നപ്പോൾ
നിയന്ത്രണങ്ങൾ കാറ്റിൽ പറന്നു. നഗരത്തെ പിടിച്ചടക്കിയാണ് മദ്യത്തിനായി ആളുകൾ അണിനിരന്നത്. കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് സസ്പെന്റ് ചെയ്യപ്പെട്ട നാലെണ്ണമൊഴികെ മറ്റ് മദ്യശാലകളെല്ലാം ഇന്നലെ തുറന്നിരുന്നു.
ഉച്ചയ്ക്ക് രണ്ടിന് തുറക്കുന്നതറിഞ്ഞ് നൂറുകണക്കിനാളുകളാണ് മാഹിയിലും, പള്ളൂരും, പന്തക്കലിലും, ഗ്രാമത്തിയിലുമെല്ലാം തടിച്ചുകൂടിയത്. മദ്യഷാപ്പുകളിൽ കയറി മദ്യം വാങ്ങാൻ സൗകര്യമില്ലാത്തതിനാൽ റോഡരികിലെ ഫുട്പാത്തിലായിരുന്നു ക്യു. മഴ പെയ്തിട്ടും ക്യൂവിൽ നിന്ന് പിരിഞ്ഞുപോകാൻ ആരും തയ്യാറായില്ല.
മിക്ക ബ്രാന്റുകൾക്കും കേരളത്തിലേതിന് സമമായി വില ഉയർന്നതൊന്നും ആർക്കും പ്രശ്‌നമായില്ല. കേരളത്തിലേതുപോലെ ഓൺലൈൻ സംവിധാനത്തിന്റെ നൂലാമാലകളൊന്നുമില്ലാത്തതിനാൽ ആവശ്യക്കാരെല്ലാം ഒന്നിച്ച് എത്തുകയായിരുന്നു.
ഒൻപത് ചതുരശ്ര കി.മി. മാത്രം വിസ്തീർണ്ണമുള്ള മാഹിയിൽ 68 മദ്യഷാപ്പുകളാണുള്ളത്. നോക്കുന്നിടത്തെല്ലാം എവിടെ നിന്നും നേരിട്ട് പണം കൊടുത്ത് മദ്യം വാങ്ങാം. ഇതുമൂലം അതിർത്തി കടന്നും ആളുകൾ മദ്യം വാങ്ങാൻ എത്തിയെന്നാണ് വിവരം.
റെഡ് അലർട്ടിനെ തുടർന്ന് തലശ്ശേരി നഗരമാകെ അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ് 7കി.മി. അകലെയുള്ള മാഹിയിലേക്ക് മദ്യപന്മാർ ഒഴുകിയെത്തുന്നത്. കാലത്ത് 9 മണി മുതൽ രാത്രി 7 മണി വരെയാണ് പ്രവൃത്തി സമയം. കൗണ്ടർ വിൽപ്പന മാത്രമാണ് മാഹിയിലും അനുവദിച്ചിട്ടുള്ളത്.