പഴയങ്ങാടി: യു.ഡി.എഫ് ഭരിക്കുന്ന മാടായി പഞ്ചായത്തിലെ ബേദയിൽ തോട് കൈയേറി റോഡ് നിർമ്മിക്കുന്നുവെന്ന പരാതിയിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. അന്വേഷണ ചുമതല ജില്ലാ കളക്ടർ ടി വി സുഭാഷിനാണ്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ണൂർ കളക്ട്രേറ്റിന് കൈമാറി. പരിസ്ഥിതി ദിനത്തലേന്ന് വന്ന ഉത്തരവ് പരിസ്ഥിതി സ്നേഹികൾക്ക് ആവേശം പകരുന്നതായി.
സി.പി.എം മാടായി ലോക്കൽ കമ്മറ്റി സെക്രട്ടറി പി. ജനാർദനൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 4,85,000 രൂപ ചിലവഴിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ വ്യക്തികൾക്ക് റോഡ് ഉണ്ടാക്കുവാൻ പഞ്ചായത്ത് തോട് കൈയേറി പാർശ്വഭിത്തി നിർമ്മിക്കുകയായിരുന്നു. തോടിനോട് ചേർന്ന് തണ്ണീർത്തടം നികത്തിയാണ് റോഡ് നിർമ്മിക്കുന്നതെന്ന ആരോപണവുമായി സി.പി.എമ്മും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയതോടെയാണ് വിഷയം ചൂട് പിടിച്ചത്.
മാടായി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധന നടത്തുകയും കൈയേറ്റം കണ്ടെത്തുകയും ചെയ്തിരുന്നു.
ഭരണകക്ഷിയിലും എതിർപ്പ്
ഇതിനിടെ ഭരണകക്ഷിയിലെ ഭിന്നതയും മറനീക്കി പുറത്ത് വന്നു.പതിനഞ്ചാം വാർഡ് ലീഗ് അംഗമായ ഫാത്തിമ കുട്ടിയസ്സൻ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.തന്റെ വാർഡിൽ നടക്കുന്ന പാർശ്വഭിത്തി നിർമ്മാണവും റോഡ് നിർമ്മാണവും ഔദോഗികമായി തന്റെ അറിവിൽപെട്ടതല്ലെന്നും ഈ പ്രവൃത്തിയിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും കാണിച്ചാണ് കത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയതെന്നും ഇവർ പറയുന്നു.