കണ്ണൂർ: ജില്ലയിൽ ആറു പേർക്കു കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മൂന്നു പേർ വിദേശത്തു നിന്നും മൂന്നു പേർ മുംബൈയിൽ നിന്നും എത്തിയവരാണ്.
കണ്ണൂർ വിമാനത്താവളം വഴി മേയ് 20ന് സൗദിയിൽ നിന്ന് എഐ 1912 വിമാനത്തിലെത്തിയ ചപ്പാരപ്പടവ് സ്വദേശി 29കാരൻ, 30ന് ദുബായിൽ നിന്ന് ഐഎക്സ് 1746 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശി 50കാരി, ജൂൺ ഒന്നിന് മോസ്‌കോയിൽ നിന്ന് എഐ 1946 വിമാനത്തിലെത്തിയ താണ സ്വദേശി 46കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.
മേയ് 19നും 23നും നാട്ടിലെത്തിയ ആലക്കോട് സ്വദേശികളായ 27കാരനും 40കാരനും 31നെത്തിയ മാട്ടൂൽ സ്വദേശി 40കാരനുമാണ് മുംബൈയിൽ നിന്ന് വന്നവർ.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 244 ആയി. ഇതിൽ 136 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരിൽ ആറു പേർ ഇന്നലെയാണ് ഡിസ്ചാർജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 73കാരൻ, പിണറായി സ്വദേശി 61കാരൻ, പാനൂർ സ്വദേശി 49കാരൻ, പെരളശ്ശേരി സ്വദേശി 48കാരൻ, പാട്യം സ്വദേശി 24കാരൻ, തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 39കാരൻ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ജില്ലയിൽ 9446 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ നിന്ന് ഇതുവരെ 8133 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7542 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 7110 എണ്ണം നെഗറ്റീവാണ്. 591 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.