കണ്ണൂർ: പുഴ ശുചീകരണത്തിന്റെ പേരിൽ ജില്ലയിലെ മലയോര പഞ്ചായത്തുകളിൽനിന്ന് മണൽ കടത്ത് വ്യാപകമാവുന്നു. രണ്ട് പ്രളയത്തിന് ശേഷവും പുഴയും മറ്റ് ജല സ്രോതസ്സുകളും വൃത്തിയാക്കി സംരക്ഷിക്കാൻ തയ്യാറാകാത്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സർക്കാർ നേരിട്ട് മണൽ കടത്തിൽ ഇടപെടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പുഴ ശുചിയാക്കൽ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ മണൽ കൊള്ളയാണ് നടക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചൂണ്ടി കാട്ടുന്നു. ശേഖരിക്കുന്ന മണൽ ഉൾപ്പെടെയുള്ള വസ്തുക്കൾ പഞ്ചായത്ത് സെക്രട്ടറിയുടെ അധീനതയിൽ സൂക്ഷിക്കണമെന്നാണ് നിർദേശം. എന്നാൽ ഇത് എവിടേയും പാലിക്കപ്പെടുന്നില്ല. ജില്ലയിൽ ഇരിട്ടി ബാരാപോൾ പുഴയിലും നിയമങ്ങളും നിർദ്ദേശങ്ങളും കാറ്റിൽ പറത്തി നിർബാധം മണൽ ഊറ്റ് നടക്കുകയാണ്.
ശുചീകരണത്തിൽ നിന്നും പൊതുമേഖലാ സ്ഥാപനമായ ക്ലേയിസ് ആൻഡ് സെറാമിക്സിനെ ഒഴിവാക്കിയിരുന്നു. മണലിന്റ പേരിൽ ഉയർന്ന വിവാദം തണുപ്പിക്കാനായിരുന്നു ഈ നടപടി. ജില്ലാ ഭരണകൂടം പുഴയോര മേഖലയിലെ പഞ്ചായത്തുകളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ബാരാപ്പുഴ കരകവിഞ്ഞ് ബാരാപോൾ മിനി ജലവൈദ്യുതി കനാലിലേക്ക് ഗതിമാറി ഒഴുകിയിരുന്നു. ഇതേ തുടർന്ന് പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ് ദിവസങ്ങൾ തള്ളിനീക്കിയത്.
പാലത്തുംകടവിൽ കനാൽ അടച്ചിരുന്ന ഷട്ടറിനു മുകളിൽ കൂടി വെള്ളം കയറിയാണ് പുഴ കനാലിലൂടെ ഒഴുകിയത്. കനാൽ കവിഞ്ഞൊഴുകുകയും ഫോർബെ ടാങ്കിൽ നിറഞ്ഞ വെള്ളം എയർവെന്റ് വഴി വെള്ളച്ചാട്ടം പോലെ താഴേക്ക് പതിക്കുകയും ചെയ്തതോടെ പദ്ധതി മേഖലയിൽ താമസിക്കുന്നവർ ഭീതിയിലായിരുന്നു. കേരള- കർണാടക അതിർത്തി തർക്കം പരിഹരിക്കാത്തതിനെത്തുടർന്നുള്ള ദുരിതവും കച്ചേരിക്കടവിൽ നിരവധി വീടുകൾക്ക് ഭീഷണിയായ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും മണലൂറ്റ് നടക്കുന്നത്. സമീപത്തുള്ള പാറ നിരങ്ങിനീങ്ങുന്ന ഭീഷണിയും പരിഹരിക്കാത്ത അധികൃതരാണ് തകൃതിയായി മണൽ കടത്തുന്നത്. ഭുമി വിണ്ടുകീറുന്നത് അടക്കമുള്ള പ്രതിഭാസം പ്രദേശത്ത് ഉണ്ടായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് കാലവർഷം തുടങ്ങിയതിന് ശേഷം ബാരാപോൾ പുഴയിൽ പുഴ ശുചീകരണത്തിന്റെ പേരിൽ ടൺ കണക്കിന് മണലെടുത്ത് കടത്തുന്നത്. സമാനമായി ഇരിക്കൂർ പുഴയിലും മണലെടുക്കുന്നതിന് വേണ്ടി അനുമതി നൽകിയിട്ടുണ്ടന്നാണ് അറിയുന്നത്.