കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് ദീർഘ കാലം അടച്ചിട്ട ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുമെല്ലാം തുറന്നതോടെ വ്യാജ വാറ്റ് ലോബിയ്ക്ക് വൻ തിരിച്ചടി. അഞ്ഞൂറ് രൂപയ്ക്ക് വരെ വിറ്റിരുന്ന ചാരായം ഇക്കാലത്ത് ലിറ്ററിന് 2000 രൂപയ്ക്ക് വരെയാണ് നൽകിയിരുന്നത്. മലയോരത്തെ മിക്ക കേന്ദ്രങ്ങളും കോളനികളുമെല്ലാം വ്യാറ്റിന്റെ കേന്ദ്രമായി മാറി. ഓരോ ദിവസവും ജില്ലയിൽ എക്സൈസ് റെയ്ഡുകളിൽ പത്തോളം കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബിവറേജ് ഔട്ട്‌ലെറ്റുകൾ തുറന്ന് മദ്യം സുലഭമായി ലഭിച്ച് തുടങ്ങിയതോടെ വാറ്റുകാരുടെ കഷ്ടകാലവും തുടങ്ങി.
ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സാമഗ്രികളെല്ലാം വളരെ കൂടിയ തോതിൽ ഉപയോഗിക്കുന്ന ചാരായമെല്ലാം മദ്യപാനികൾ ഒഴിവാക്കുകയാണ്. കേസിൽ കുടുങ്ങാതിരിക്കാനും, ബിവറേജിലേക്ക് തിരികെ മടങ്ങാൻ കാരണമായി. ഇന്നലെ കണ്ണൂരിൽ എക്സൈസ് നടത്തിയ റെയ്ഡുകളിൽ മൂന്നിടത്ത് നിന്ന് മാത്രമേ വാഷ് കണ്ടെത്താനായുള്ളു.
ആലക്കോട് നിന്നും 400 ലിറ്റർ വാഷ്, തളിപ്പറമ്പ് സർക്കിളിൽ 30 ലിറ്റർ വാഷ്, ശ്രീകണ്ഠാപുരം 20 ലിറ്റർ വാഷ് എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതേസമയം വ്യാജ വാറ്റിന്റെ ഒഴുക്കിൽ കുറവ് വന്നത് സർക്കാരിനും ആശ്വാസകരമാണ്. ലോക്ക് ഡൗൺ കാലത്ത് ദീർഘ നാൾ മദ്യ വിൽപ്പന നിലച്ചത് വൻ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാക്കിയത്. വ്യാജ മദ്യ ദുരന്തം ഉണ്ടായാലും പഴി സർക്കാരിന് കേൾക്കേണ്ടി വന്നേനെ. പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായതോടെ തലവേദന ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സർക്കാർ.