കണ്ണൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 108 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത ആറ് കേസുകൾ അടക്കമുള്ള കണക്കാണിത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ മൂന്നു പേർ വിദേശത്തു നിന്നും, മൂന്നു പേർ മുംബൈയിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ രോഗം വരുന്നവരുടെ എണ്ണം നിയന്ത്രിതമായത് ആശ്വാസം പകരുന്നുണ്ട്.

കണ്ണൂർ വിമാനത്താവളം വഴി മെയ് 20ന് സൗദിയിൽ നിന്ന് എ.ഐ 1912 വിമാനത്തിലെത്തിയ ചപ്പാരപ്പടവ് സ്വദേശിയായ 29കാരൻ, മെയ് 30ന് ദുബൈയിൽ നിന്ന് ഐ.എക്സ് 1746 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശിനിയായ 50കാരി, ജൂൺ ഒന്നിന് മോസ്‌കോയിൽ നിന്ന് എ.ഐ 1946 വിമാനത്തിലെത്തിയ താണ സ്വദേശി 46കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.

മെയ് 19നും 23നും നാട്ടിലെത്തിയ ആലക്കോട് സ്വദേശികളായ 27കാരനും 40കാരനും 31നെത്തിയ മാട്ടൂൽ സ്വദേശിയായ 40കാരനുമാണ് മുംബൈയിൽ നിന്ന് വന്നവർ. കൊവിഡ് ബാധ സംശയിച്ച് ജില്ലയിൽ 9446 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 200 പേർ ആശുപത്രിയിലും 9246 പേർ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 52 പേരും, കണ്ണൂർ ജില്ലാ ആശുപത്രിയിൽ 30 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 91 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 27 പേരുമാണ് ചികിത്സയിലുള്ളത്.