കാസർകോട്: അന്തർ സംസ്ഥാന യാത്രകൾക്ക് കേന്ദ്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് പോകുന്നതിന് പാസ് നൽകി തുടങ്ങി. യാത്രയ്ക്ക് അനുമതി ഇല്ലാത്തതിനെ തുടർന്ന് വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടെ മാസങ്ങളായി കർണ്ണാടകയിൽ കുടുങ്ങിയിരുന്നു. കാസർകോട്ടെ വ്യാപാരികൾക്കും ഇത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
കർണ്ണാടകയിലെ അധികൃതമാരുമായി ചർച്ച നടത്തിയതിന് ശേഷമാണ് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കാസർകോട് നിന്നുള്ള വിദ്യാർത്ഥികൾക്കും പ്രഫഷണലുകൾക്കും ദക്ഷിണ കന്നഡ ജില്ലയിലേക്ക് സ്ഥിരയാത്ര നടത്താൻ അനുമതി നൽകി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും കർണ്ണാടകയിൽ നിന്ന് കാസർകോട് വരുന്നതിന് കാസർകോട് ജില്ലാ ഭരണകൂടവുമാണ് ഉത്തരവിറക്കിയത്. ഇതുപ്രകാരം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ പാസ് നേടുന്നതിനായി കർണാടക സർക്കാരിന്റെ https://bit.ly/dkdpermit എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
വിലാസവും ലക്ഷ്യസ്ഥാനവും കൃത്യമായി നൽകണം. ആധാർ, സ്ഥാപന ഐ.ഡി തുടങ്ങിയവ ഉൾപ്പെടെ ആവശ്യപ്പെടുന്ന എല്ലാ രേഖകളും രജിസ്റ്റർ ചെയ്യുന്ന വേളയിൽ അപ്‌ലോഡ് ചെയ്യണം. പാസിന് ഈ മാസം 30 വരെ സാധുതയുണ്ടാവും. ദുരുപയോഗം ചെയ്താൽ പാസ് റദ്ദ് ചെയ്യും. പാസ് വിവരങ്ങൾ തലപ്പാടി ചെക്‌പോസ്റ്റിൽ കൈമാറുകയും ദിനേനയുള്ള യാത്രാവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യും.
എൻട്രി, എക്‌സിറ്റ് വിവരം രജിസ്റ്ററിൽ രേഖപ്പെടുത്താത്തവർക്ക് എപിഡെമിക് ആക്‌ട് പ്രകാരം പിഴ ചുമത്തുകയും ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്യും. ദക്ഷിണ കന്നഡയിലേക്ക് പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കും. കൊവിഡ് ലക്ഷണമില്ലാത്തവരെ മാത്രമായിരിക്കും കടത്തി വിടുക. യാത്രക്കാർ കർണാടക ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും കർശനമായും പാലിക്കണം. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നില തുടരും. കാസർകോട്ടേക്ക് വരുന്നവർക്ക് 28 ദിവസം ദൈർഘ്യമുള്ള പാസാണ് നൽകുന്നത്. അപേക്ഷിച്ചാൽ ഒരു മണിക്കൂറിനകം പാസ് നൽകുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.