ചെറുവത്തൂർ: മെഡിക്കൽ ഷോപ്പിൽ ഫാൻസി നോട്ടുകൾ മാറാൻ ശ്രമിച്ച യുവാവിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. പിലിക്കോട് ഏച്ചിക്കൊവ്വൽ സ്വദേശി ദിജിൽ ലാലിനെ (23) ആണ് പൊലീസ് പിടികൂടിയത്. പടന്ന തെക്കെപുറത്തുള്ള മെഡിക്കൽ ഷോപ്പിൽ ചുമയ്‌ക്കുള്ള മരുന്ന് വാങ്ങാനെത്തിയ യുവാവ് 500 രൂപ നോട്ട് നൽകി.
സംശയം തോന്നിയ കടയുടമ നോട്ട് പരിശോധിച്ച ശേഷം രഹസ്യമായി ചന്തേര പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. ഇതിനിടയിൽ യുവാവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പൊലീസ് നടത്തിയ പരിശോധനയിൽ ദിജിൽ ലാലിന്റെ പേഴ്സിൽ നിന്ന് 500 ന്റെ 27 ഫാൻസി നോട്ടുകൾ കണ്ടെടുത്തു. ചന്തേര പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്