puzha

കണ്ണൂർ: നഗരത്തിന് വിളിപ്പാടകലെ ഒഴുകുന്ന വളപട്ടണം പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നത് മാലിന്യങ്ങൾ. അറവുശാലകളിലെ മാലിന്യങ്ങൾ, ചെറുതും വലുതുമായ വ്യവസായ ശാലകളിലെ മാലിന്യങ്ങൾ എന്നുവേണ്ട ബാർബർ ഷോപ്പുകളിലെ മുടികൾവരെ തള്ളുന്നത് വളപട്ടണം പുഴയിലാണ്. കാലവർഷം ആരംഭിച്ചതോടെ മലയോരങ്ങൽ പൊതു സ്ഥലങ്ങളിലും മറ്റും നിക്ഷേപിച്ച മാലിന്യങ്ങളും പുഴയിലേക്ക് ഒഴുകി എത്താൻ തുടങ്ങി.

അടുത്ത കാലത്തായി പുഴയോരത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ ബെവ്കോയിലെ മാലിന്യങ്ങളും പുഴയിലെത്താൻ തുടങ്ങി. ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങി പുഴയോരത്ത് ഇരുന്ന് കുടിക്കുന്നവർ നിക്ഷേപിക്കുന്ന കുപ്പികളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള മറ്റൊരു ശാപം. പൂഴി തൊഴിലാളികൾ, മത്സ്യ തൊഴിലാളികൾ, കക്ക വാരി ഉപജീവനം നടത്തുന്നവർ തുടങ്ങി നൂറു കണക്കിന് കുടുംബങ്ങളാണ് പുഴയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്.

വളപട്ടണം പാലത്തിനു കീഴിൽ മാലിന്യം തള്ളുന്നതു തടയാനും, പരിസ്ഥിതിയെ സംരക്ഷിക്കാനുമെന്ന പേരിലാണു വർഷങ്ങൾക്കു മുൻപു വളപട്ടണത്തു കണ്ടൽ പാർക്ക് പദ്ധതി വന്നത്. കണ്ടൽക്കാട് നശിപ്പിക്കുന്നതിനെതിരായ ജനകീയ സമരത്തിലും, കേന്ദ്ര ഇടപെടലിലും പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതോടെ പരിസ്ഥിതി സ്‌നേഹവും ഒഴുകിപ്പോയി.

കണ്ടൽപാർക്ക് പദ്ധതി ചീറ്റിപ്പോയതിന്റെ നിരാശയിൽ പിന്നീട് വളപട്ടണത്തെ കണ്ടലോ, പുഴയോ സംരക്ഷിക്കാൻ ഒരുദ്യമവും ഉണ്ടായില്ല എന്നതാണ് വാസ്തവം. മാലിന്യങ്ങൾ കുമിഞ്ഞ് കൂടാൻ തുടങ്ങിയതോടെ പുഴയോരത്തുള്ള ഹെക്ടർ കണക്കിന് കണ്ടൽ കാടുകൾക്കും വൻ ഭീഷണി ആയിട്ടുണ്ട്. എല്ലാത്തരം മാലിന്യങ്ങളും തള്ളുന്ന കേന്ദ്രമായി കണ്ടൽ മേഖല മാറിയിരിക്കയാണ്.

ഇന്ന് ലോക പരിസ്ഥിതി ദിനമായിട്ടുപോലും വളപട്ടണം പുഴയെ കുറിച്ച് സംസാരിക്കാനോ, മാലിന്യ നിക്ഷേപത്തിനെതിരെ നടപടി എടുക്കാനോ ആരും മുന്നോട്ടുവന്നതുമില്ല. വിവാദമായ കണ്ടൽ പാർക്കിന്റെ അവശിഷ്ടമായി പഴയ നടപ്പാലത്തിന്റെ ഒരു തൂണു മാത്രമുണ്ട്. ഇവിടെ വരെ റോഡ് സൗകര്യമുണ്ടെന്നതിനാൽ മാലിന്യം തള്ളാനെത്തുന്നവർക്ക് ഏറെ സൗകര്യമാവുകയും ചെയ്തു.