ചെന്നൈ: രാജ്യ വ്യാപകമായി ഒരു ലക്ഷത്തിലേറെ കൊവിഡ് രോഗ ബാധിതരുള്ള ഇന്ത്യയിൽ തെക്കേയറ്റത്തെ ചെന്നൈ നഗരത്തിൽ മാത്രമായി ഒന്നര ലക്ഷം കൊവിഡ് രോഗികളാകും. ജൂലൈ പകുതിയോടെ ഈ ദയനീയ സ്ഥിതിയ്ക്ക് നഗരം ഇരയാകുമെന്നാണ് ഡോ. എം.ജി.ആർ മെഡിക്കൽ സർവകലാശാലയുടെ വിലയിരുത്തൽ. മരണസംഖ്യ 1600 കടക്കുന്നത് ജനജീവിതത്തെ വളരെ ഗുരുതരമായി ബാധിക്കും. രോഗ ബാധ തടയുന്നതിലെ ഭരണകൂടത്തിന്റെ വീഴ്ചയാണ് സംസ്ഥാനത്തെയും അതുവഴി രാജ്യത്തെയും ഗുരുതര അവസ്ഥയിലേക്ക് എത്തിക്കുക. കേരളവും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളെയും മെഡിക്കൽ വിദ്യാഭ്യാസത്തെയും നിയന്ത്രിക്കുന്ന സ്ഥാപനമാണ് ഡോ. എം.ജി.ആർ മെഡിക്കൽ സർവകലാശാല. ഇവരുടെ ഡാറ്റകളെ ആശ്രയിച്ചാണ്സംസ്ഥാന സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സംസ്ഥാനത്ത് രോഗികൾ വൻ തോതിലാണ് പെരുകുന്നത്. മൂന്നാഴ്ച മുൻപ് പതിനായിരം രോഗികളുണ്ടായിരുന്ന തമിഴ്നാട്ടിൽ ഇന്നലെയോടെ രോഗികളുടെ എണ്ണം 27,256 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം രോഗികൾ 18,693 ആണ്. ഇതിൽ എണ്ണായിരം പേർ മാത്രമേ രോഗമുക്തി നേടിയിട്ടുള്ളൂ.