കോഴിക്കോട്: സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നത് ആശങ്ക കൂട്ടുന്നു. നേരത്തെ പൊലീസുകാർക്കിടയിൽ സമാനമായ രീതിയിൽ രോഗം പടർന്നിരുന്നു. രോഗ വ്യാപനത്തെ തുടർന്ന് മാനന്തവാടി പൊലീസ് സ്റ്റേഷൻ അടച്ചിടുകയും ചെയ്തതാണ്. അപ്പോഴും ആരോഗ്യപ്രവർത്തകരിൽ രോഗം പടർന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നു. എന്നാൽ അടുത്തിടെയാണ് ആരോഗ്യ പ്രവർത്തകരിലേക്കും രോഗവ്യാപനം നടക്കുന്നത്.
കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ചക്ക തലയിൽ വീണ് പരിക്കേറ്റ നീലേശ്വരം സ്വദേശിക്ക് കൊവിഡ് സ്ഥരീകരിച്ചപ്പോൾ കണ്ണൂർ ഗവ. മെഡിക്കൽകോളേജിലെ 18 ആരോഗ്യപ്രവർത്തകർക്കാണ് ജോലിയിൽനിന്ന് വിട്ട് നിൽക്കേണ്ടി വന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ടെക്നീഷ്യന് രോഗ സ്ഥിരീകരണം വന്നപ്പോൾ 19 ജീവനക്കാർ ക്വറന്റൈനിൽ പോയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ടമെന്റുകളിലെ ആരോഗ്യപ്രവർത്തകരാണ് ഇപ്പോൾ സ്വയം നിരീക്ഷണത്തിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ച മണിയൂർ സ്വദേശി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നവരാണ് ഇപ്പോൾ നിരീക്ഷണത്തിലായത്. ഇവരുടെ സ്രവ സാമ്പിൾ പരിശോധനയ്ക്കുള്ള നടപടികൾ പൂർത്തിയായി.
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സ്ത്രീയ്ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിയാത്തത് ആശങ്ക ഇരട്ടിയാക്കി. ഇനിയുള്ള ദിവസങ്ങളിൽ പുറത്തുനിന്ന് കൂടുതൽ ആളുകൾ എത്തികഴിഞ്ഞാൽ സ്ഥിതി എന്താകും എന്നത് പ്രവചനാതീതമാണ്. മാത്രമല്ല ആശുപത്രികളിലെ ജീവനക്കാർ നിരീക്ഷണത്തിൽ പോകുമ്പോൾ ആശുപത്രി പ്രവർത്തനത്തെ മൊത്തമായി ബാധിക്കുന്ന അവസ്ഥയാണുള്ളത്.