കണ്ണൂർ: കൊവിഡ് കാല ചാർജ് വർദ്ധന പിൻവലിച്ചതോടെ ഭൂരിഭാഗം സ്വകാര്യബസുകൾ സർവ്വീസ് നിർത്തിയതും കെ.എസ്.ആർ.ടി.സി അധിക സർവ്വീസ് നടത്താത്തതും യാത്രക്കാർക്ക് തലവേദനയായി. നിലവിലെ സാഹചര്യത്തിൽ ബസുകളിൽ സീറ്റുകളിൽ ഇരുന്നുള്ള യാത്ര മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നിന്ന് യാത്ര അനുവദിക്കാത്തതിനാൽ ഒന്നോ രണ്ടോ സീറ്റ് കാലിയായാലും മിക്ക സ്റ്റോപ്പുകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ യാത്രക്കാരെ കയറ്റുന്നില്ല. ആളുകൾ ധാരാളമുള്ള സ്റ്റോപ്പിൽ സീറ്റ് ബാക്കിയായിട്ടും നിർത്താതെ പോകുന്ന ബസ് ജീവനക്കാരോട് യാത്രക്കാർക്ക് പ്രതിഷേധമുണ്ട്.

എന്നാൽ തിരക്കുള്ള സ്റ്റോപ്പിൽ നിർത്തിയാൽ ആളുകളെ നിയന്ത്രിക്കാൻ പറ്റാതെ വരുമെന്ന ആശങ്കയാണ് ജീവനക്കാർക്ക്. അധികം ആളുകൾ കയറിയാൽ തങ്ങൾ നിയമനടപടി തന്നെ നേരിടേണ്ടിവരുമെന്ന് ഇവർ പറയുന്നു. സ്വകാര്യ ബസുകളും ഓടാത്ത സാഹചര്യത്തിൽ ഈ പ്രശ്നം മറികടക്കാൻ ധാരാളം യാത്രക്കാർ ഉണ്ടാകുന്ന സമയമായ രാവിലെയും വൈകീട്ടും കെ.എസ്.ആർ.ടി.സി അധികസർവ്വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

50 ശതമാനം ചാർജ് വർദ്ധന പിൻവലിച്ചതിനെ തുടർന്ന് വ്യാഴാഴ്ച മുതലാണ് സ്വകാര്യ ബസുകൾ പലതും സർവ്വീസ് പിൻവലിച്ചത്. കണ്ണൂർ-പയ്യന്നൂർ റൂട്ടിലെ ബസുകളാണ് കൂടുതലായും സർവ്വീസ് നടത്താത്തത്.

സാമൂഹ്യ അകലം കാറ്റിൽ പറന്നു

ബസുകൾ കുറഞ്ഞതോടെ കിട്ടുന്ന ബസുകളിൽ തിരക്കൊന്നും നോക്കാതെ കയറുകയാണ് യാത്രക്കാർ. ഇങ്ങനെ യാത്രക്കാർ തള്ളിക്കയറുമ്പോൾ ബസ് ജീവനക്കാർക്ക് നിയന്ത്രിക്കാനുമാവുന്നില്ല. നിന്നുള്ള യാത്ര തന്നെ ചില ബസുകളിൽ കാണാനുണ്ട്. സാമൂഹ്യ അകലനിർദ്ദേശമൊക്കെ ഇവർ കൈവിടുകയാണ്. ഗ്രാമീണ മേഖലകളിൽ ഓടിയ ചില ബസുകളിൽ ആളുകൾ തിങ്ങിനിറഞ്ഞ അവസ്ഥയുമുണ്ടായിരുന്നു.

ബൈറ്റ്

50 ശതമാനം ചാർജ് വർദ്ധിപ്പിച്ചപ്പോഴാണ് മിക്ക ബസുകളും ഓടി തുടങ്ങിയത്. സർക്കാർ അത് പിൻവലിച്ച സാഹചര്യത്തിൽ നഷ്ടം സഹിച്ചും ഓടാൻ താൽപ്പര്യമുള്ള സ്വകാര്യബസുകൾക്ക്‌ ഓടാം. കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന ആനുകൂല്യം സർക്കാർ സ്വകാര്യ ബസ് മേഖലയ്ക്കും നൽകണം.

-ഗോപിനാഥൻ, കൺവീനർ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ