ചെറുവത്തൂർ: വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസ്സിലെ അഞ്ചാം ദിനത്തിൽ "ദോശയുമായി "ഒന്നാം തരക്കാരെ പഠിപ്പിക്കാനെത്തിയ വിനയൻ മാഷ് കുരുന്നുകളുടെ മനം കവർന്നു. ഒന്നാന്തരം ദോശ ചുടുകയും ദോശപ്പാട്ട് പാടുകയും ചെയ്താണ് മാഷ് കുട്ടികളെ കൈയിലെടുത്തത്.

ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂൾ അദ്ധ്യാപകനായ വിനയൻ പിലിക്കോട് കാസർകോട് ജില്ലയിൽ നിന്നും ഓൺലൈൻ ക്ലാസിലെത്തിയ ആദ്യ അദ്ധ്യാപകനാണ്. കുട്ടികളുടെ വിവിധ ശേഷി വികാസങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളായിരുന്നു " ദോശ " എന്ന ആശയത്തിലൂടെ അവതരിപ്പിച്ചത്. കേരളമാകെ ക്ലാസിന് മികച്ച അഭിപ്രായം ലഭിച്ചു. സമഗ്രശിക്ഷ കാസർകോടിന്റെ നേതൃത്വത്തിൽ ചെറുവത്തൂർ ബി.ആർ.സിയാണ് ക്ലാസ് തയാറാക്കിയത്. ചെറുവത്തൂർ ബി.പി.സി ബിജുരാജ്, ഹൊസ്ദുർഗ് ബി.പി.സി പി.വി ഉണ്ണിരാജൻ, അനിൽ നടക്കാവ്, കെ.എൻ. ചിത്ര, പി. സിന്ധു, സി.വി റീന, പ്രമോദ് അടുത്തില, അനിൽ ഇടയിലക്കാട്, സി.എം മീനാകുമാരി എന്നിവർ അക്കാഡമിക് പിന്തുണ നൽകി. അനൂപ് കല്ലത്താണ് എപ്പിസോഡ് ഡയറക്ടർ, ഉഭേഷ് ചീമേനിയാണ് കാമറ കൈകാര്യം ചെയ്തത്.

കഴിഞ്ഞ പത്തു വർഷമായി കുട്ടി ക്യാമ്പുകളിലെ സജീവ സാന്നിദ്ധ്യമാണ് വിനയൻ പിലിക്കോട്. കേരളത്തിലങ്ങോളമിങ്ങോളം അഞ്ഞൂറിലധികം ക്യാമ്പുകൾ നയിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ പ്രീ പ്രൈമറി അധ്യാപകർക്കുള്ള പരിശീലന പരിപാടിയിലും അദ്ധ്യാപക പരിശീലനങ്ങളിലും റിസോഴ്സ് ഗ്രൂപ്പംഗമായിട്ടുണ്ട്