കാസർകോട്: ബക്കറ്റിലെ വെള്ളത്തിൽ വീണ ഒരു വയസുകാരന് രക്ഷകരായത് തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന നാല് മാലാഖമാർ. ജീവന്റെ അവസാന തുടിപ്പിനായി ശ്രമിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന നാല് മാലാഖമാർക്ക് ഇപ്പോൾ സന്തോഷത്തിന്റെ പെരുന്നാളാണ്.

മേൽപറമ്പിലെ കെ ജി എൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇസ്മയിൽ മറിയംബി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞ് മുഹമ്മദ് സയാന്റെ ജീവനാണ് കാസർകോട് ജനറൽ ആശുപത്രിയിൽ മൂന്ന് സ്റ്റാഫ് നഴ്സുമാരും കളനാട് പി എച്ച് സിയിലെ നഴ്സും ചേർന്ന് രക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബാത്ത്റൂമിൽ എത്തിയ കുട്ടി അബദ്ധത്തിൽ ബക്കറ്റിൽ വീഴുകയായിരുന്നു. മൂത്ത കുട്ടി പിന്നാലെ ബാത്ത്റൂമിൽ പോയപ്പോഴാണ് സിയാൻ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് മാതാപിതാക്കളെ അറിയിച്ചത്. ബഹളം കേട്ട് എത്തിയ തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബിന്ദുവിന്റെ കൈയിലേക്ക് അനക്കമില്ലെന്ന് പറഞ്ഞു മാതാവ് കുട്ടിയെ നൽകുകയായിരുന്നു. ഈ സമയം തന്നെ കാസർകോട് ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് പത്തനംതിട്ട സ്വദേശിനി നിമിഷയും സഹോദരി കളനാട് പി എച്ച് സിയിലെ നഴ്സായ അനീഷയും മറ്റൊരു ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരും സഹോദരിമാരുമായ ഷീജയും ബിജിയും എത്തി കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകി. കൃത്രിമശ്വാസം നൽകുകയും നെഞ്ചിൽ അമർത്തി ഹൃദയതാളം വീണ്ടെടുത്തു. ഉടൻ തന്നെ നിമിഷയുടെ ഭർത്താവ് നവാസും ബിജിയുടെ ഭർത്താവ് റഹീമും കാറിൽ കുഞ്ഞിനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു. വഴിമദ്ധ്യേയും കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള ശ്രമം നഴ്സുമാർ തുടർന്നുകൊണ്ടിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ കുഞ്ഞ് കരഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ കുഞ്ഞ് അപകട നില തരണം ചെയ്തു. ശ്വാസനാളത്തിൽ വെള്ളം കയറിയിരുന്നതായി ഡോക്ടർ പറഞ്ഞു. നഴ്സുമാരുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ തിരിച്ചുനൽകിയത്. തങ്ങളുടെ സേവനം കൊണ്ട് കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ നാല് നഴ്സുമാരും.