കാസർകോട്: കൊവിഡ് ഭീഷണി ചെറുക്കുന്നതിന് അരയും തലയും മുറുക്കി ജാഗ്രതയോടെ രംഗത്തുള്ള ആരോഗ്യ വകുപ്പ് അധികൃതരെ ആക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ അബദ്ധ പ്രചാരണം കൊഴുക്കുന്നതിനെതിരെ ആരോഗ്യവകുപ്പിൽ പ്രതിഷേധം. നവമാദ്ധ്യമങ്ങളുടെ ഈ വേട്ടയാടൽ കണ്ണുംപൂട്ടി നോക്കിയിരിക്കില്ലെന്നാണ് ഉന്നത അധികാരികളുടെ മുന്നറിയിപ്പ്.

സ്രവ പരിശോധന നടത്തിയ വ്യക്തികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ പോലും വ്യാജ പ്രചരണം നടത്തുന്നത് ഗുരുതരമായ തെറ്റായാണ് ആരോഗ്യവകുപ്പ് കാണുന്നത്. നിലവിലുള്ള മാർഗനിർദേശ പ്രകാരം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ, രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നവർ, വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഗർഭിണികൾ എന്നിവരുടെ സ്രവമാണ് പ്രഥമ പരിഗണന നൽകി പരിശോധനയ്ക്കായി അയയ്ക്കുന്നത് . സമൂഹവ്യാപന സാദ്ധ്യത കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സെന്റിനൽ സർവ്വേ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 250 ലധികം സാമ്പിളുകൾ ആണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്.

പെരിയ സെൻട്രൽ യൂണിവേഴ്സിറ്റി ലാബിൽ വച്ചാണ് നിലവിൽ സ്രവപരിശോധന നടത്തുന്നത്. പരിശോധനാ ഫലം ലഭ്യമാക്കുന്നതിന് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും എടുക്കുന്നുണ്ട്. ഇത്തരത്തിൽ ലഭ്യമാകുന്ന ഫലം ലാബിൽ നിന്നും സംസ്ഥാന കൊവിഡ് കൺട്രോൾ സെല്ലിലേക്ക് അയയ്ക്കുകയാണ് ചെയുന്നത്. സംസ്ഥാനതല വിശകലനത്തിനു ശേഷം മാത്രമാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി ജില്ലയിലെ പരിശോധനാ ഫലം പ്രഖ്യാപിക്കുന്നത്

ജില്ല കൊവിഡ് കൺട്രോൾ സെല്ലിൽ നിന്നോ ജില്ലയിലെ മറ്റു ആരോഗ്യസ്ഥാപനങ്ങളിൽ നിന്നോ മാത്രമാണ് ഇത്തരത്തിലുള്ള പരിശോധനാ ഫലം ലഭ്യമാകുന്നത്.

ബൈറ്റ്

കൊവിഡ് 19 രോഗനിർണയത്തിനുള്ള സ്രവ പരിശോധന ഫലം സംബന്ധിച്ച് പോലും നവമാദ്ധ്യമങ്ങൾ വഴിയും അല്ലാതെയും വ്യാജപ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. പലതവണകളായി ഇക്കാര്യം അറിയിച്ചിട്ടും വ്യാജ പ്രചാരണങ്ങൾ വ്യാപകമായി നടത്തുകയാണ്.

ഡോ. എ വ. രാംദാസ് (കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ)