kuzhalmanham-
മണ്ണൂർ രാജകുമാരനുണ്ണി കുഴൽമന്ദം രാമകൃഷ്ണൻ പ്രമോദ് പി നായർ

കാസർകോട്: കർണ്ണാടക സംഗീതത്തിലെ അപൂർവ്വ പ്രതിഭയുടെ എൺപതാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേരാൻ മൃദംഗ മാന്ത്രികന്റെ ഹൃദയം കൊണ്ടെഴുതിയ ലളിതഗാനം. കർണ്ണാടക സംഗീത മാന്ത്രികൻ രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണിക്ക് പിറന്നാൾ ആശംസ നേർന്ന് ഗിന്നസ് ബുക്ക് റെക്കോർഡ് ഉടമയായ ഡോ: കുഴൽമന്ദം ജി. രാമകൃഷ്ണനാണ് താളത്തിന്റെ ലോകത്തു നിന്ന് രചനയുടെ ലോകത്തെത്തിയത്.

ലോക്ക് ഡൗൺ കാലമായതിനാൽ പിറന്നാൾ ദിനത്തിൽ നേരിട്ട് ആശംസ അറിയിക്കാൻ കഴിയാത്തതിന്റെ പ്രയാസം മാറ്റാനാണ് കവിതയെഴുതി സമർപ്പിച്ചത്. 'ഈ മണ്ണിൽ പിറന്ന പുണ്യദിനത്തിൻ ഓർമ്മയ്ക്കായി..' എന്ന് തുടങ്ങുന്ന ഗാനം പാടാൻ ഭാഗ്യം ലഭിച്ചത് കാഞ്ഞങ്ങാട് സ്വദേശിയായ യുവഗായകൻ പ്രമോദ് പി. നായർക്കാണ്. കുഴൽമന്ദം രാമകൃഷ്ണൻ യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം ആലപിച്ച ലളിതഗാനം വൈറലായി. മോഹിനിയാട്ടം എന്ന സിനിമയിലെ രാധിക കൃഷ്ണ..രാധിക എന്ന ഹിറ്റ് ഗാനം ആലപിച്ച മണ്ണൂർ രാജകുമാരനുണ്ണി മലയാളികളുടെ മനസ്സിലെന്നും ഈ ഒറ്റ ഗാനം കൊണ്ട് സ്ഥാനം നേടിയ സംഗീതജ്ഞനാണ്.

തുടർച്ചയായി 501 മണിക്കൂർ സോളോ മൃദംഗം വായിച്ച് റെക്കോർഡ് സൃഷ്ടിച്ച കുഴൽമന്ദം രാമകൃഷ്ണൻ കർണാടക സംഗീത ലോകത്ത് മൃദു എന്ന പുതിയ താളം പരിചയപ്പെടുത്തി ശ്രദ്ധ നേടിയ മൃദംഗവിദ്വാനാണ്. തന്റെ കലാരംഗത്തിന് കരുത്തും പിന്തുണയും നൽകിയത് മണ്ണൂർ രാജകുമാരനുണ്ണി, വി. ദക്ഷിണാമൂർത്തി, ഡോ: കെ. ജെ. യേശുദാസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരാണെന്ന് കുഴൽമന്ദം രാമകൃഷ്ണൻ പറഞ്ഞു. കാഞ്ഞങ്ങാട് രാമചന്ദ്രന്റെയും കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്റെയും നാട്ടിൽ നിന്നുതന്നെ ഒരു ഗായകൻ തന്റെ ഗാനം ആലപിക്കാൻ വന്നതിൽ കാഞ്ഞങ്ങാടിനും അഭിമാനിക്കാൻ വകയുണ്ടെന്ന് കുഴൽമന്ദം പറഞ്ഞു.