ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് ബി.ജെ.പി പ്രവർത്തകന് നേരെ അക്രമം. ഇരുകാലുകൾക്കും കൈക്കും തലക്കും സാരമായി പരിക്കേറ്റ നെല്ലിക്ക വീട്ടിൽ വിപിൻ എന്ന കുട്ടനെ (30 ) തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം രാത്രി 8.30 തോടെ ആയിരുന്നു സംഭവം . കണ്ടാൽ അറിയാവുന്നവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നു വിപിൻ പറഞ്ഞു. വടിവാളും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ചായിരുന്നു അക്രമം. വടിവാൾ വീശുന്നതിനിടെ കൈകൊണ്ട് തടുത്തതിനാൽ ഇടതുകൈക്ക് പരിക്കേറ്റു. ഇരുമ്പ് ദണ്ഡുകൊണ്ട് ഇരു കാലുകളും അടിച്ച് ഒടിക്കാനുള്ള ശ്രമവും നടന്നു. മുഴക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിൽ സമഗ്രാന്വേഷണം വേണമെന്നും അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ബി.ജെ.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.