മതിലിന് നീളം 500 മീറ്റർ
ചിലവായത് 50 ലക്ഷം രൂപ
കാസർകോട്: കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് തടയാൻ ആന മതിൽ കെട്ടിയപ്പോൾ ഗേറ്റ് വെക്കാൻ ഫണ്ടില്ല. കോട്ടഞ്ചേരി വനമേഖലയിലാണ് വനംവകുപ്പിന്റെ ഈ വിരോധാഭാസം.
കാടുവിട്ടു നാട്ടിലിറങ്ങുന്ന കാട്ടാനയെ പ്രതിരോധിക്കുന്നതിനായി രണ്ടു വർഷം മുൻപാണ് 500 മീറ്റർ നീളത്തിൽ വനത്തിനു ചുറ്റും ആനമതിൽ നിർമ്മിച്ചത്. ഒരാളുടെ പൊക്കം പോലും ഇല്ലാത്ത മതിലിന് ഗേറ്റ് വയ്ക്കാൻ ഫണ്ട് തികഞ്ഞില്ല എന്നാണ് അധികൃതരുടെ വാദം. ഏക്കർ കണക്കിന് വിസ്തൃതിയുള്ള കോട്ടഞ്ചേരി വനത്തിൽ നിന്നും കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമായപ്പോഴാണ് വനത്തിന് ചുറ്റും 50 ലക്ഷം രൂപ ചിലവിൽ ആനമതിൽ നിർമ്മിച്ചത് .എന്നാൽ മതിലിന്റെ നിർമ്മാണം പൂർത്തിയാക്കിയ കരാറുകാരൻ ഗേറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാരണത്താൽ ഇത് നിർമ്മിക്കാതെ സ്ഥലം വിടുകയായിരുന്നു.
കാട്ടാന പേടിയിൽ കോട്ടഞ്ചേരി വനത്തിന് താഴ്വാരത്തായി പത്തു ദളിത് കുടുംബങ്ങളാണ് കഴിയുന്നത്. ആനമതിൽ പണി തുടങ്ങിയപ്പോൾ തങ്ങൾ ആനയിൽ നിന്ന് സുരക്ഷിതരാവുമെന്ന് കരുതിയവരാണിവർ. നിലവിൽ ചെറിയൊരു ചങ്ങല മാത്രമാണ് ഗേറ്റിനു പകരം ഉള്ളത്.
കോട്ടഞ്ചേരിയിൽ എത്തുന്ന വിനോദ സഞ്ചാരികളും വനംവകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് അകത്ത് കടക്കുന്നതും ഇവിടെ പതിവാണ്. പലപ്പോഴും ഇവിടെ ഫോറസ്റ്റ് വാച്ച് മാനും ഉണ്ടാവാറില്ല. ഇവിടൊരു ഗേറ്റ് അടിയന്തരമായി സ്ഥാപിച്ചാൽ വന്യമൃഗങ്ങൾ പുറത്തേക്ക് വരുന്നതും സഞ്ചാരികൾ അനിയന്ത്രിതമായി അകത്തേക്ക് കടക്കുന്നതും തടയാനാകും.
മതിൽ നിർമ്മാണത്തിൽ
അഴിമതി ആരോപണവും
പാറപ്പൊടിയും കരിങ്കല്ലും ഉപയോഗിച്ച് നിർമ്മിച്ച മതിൽ കെട്ടാൻ കരാറുകാരൻ കല്ല് കണ്ടെത്തിയത് വനത്തിനുള്ളിൽ നിന്നുതന്നെയാണെന്നാണ് ആരോപണം. മതിലിനിടയിൽ മലവെള്ളം ഒഴുക്കാനായി സ്ഥാപിച്ചത് കട്ടികുറഞ്ഞ സിമന്റ് പൈപ്പുകളാണെന്നും ആരോപണമുണ്ട്.
ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല,
വാഹനവുമില്ല
ഭീമനടി ഫോറസ്റ്റ് സെക്ഷന് കീഴിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. കൊന്നക്കാട് മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 1500 ഹെക്ടറിലായി പരന്നു കിടക്കുന്ന വനം സംരക്ഷിക്കാൻ ആകെയുള്ളത് രണ്ട് ഉദ്യോഗസ്ഥരാണ്. ഇവർക്കാണെങ്കിൽ സഞ്ചരിക്കാൻ ഔദ്യോഗിക വാഹനമോ താമസിക്കാൻ ക്വാർട്ടേഴ്‌സോ ഇല്ല. പലപ്പോഴും പല സ്ഥലങ്ങളിലും ഇവർക്ക് ഓടിയെത്താൻ കഴിയാറില്ല.
വന്യമൃഗശല്യം രൂക്ഷം കോട്ടഞ്ചേരി, ആനമഞ്ഞൾ, കൂമ്പൻപാറ എന്നിവിടങ്ങളിൽ