ചെറുവത്തൂർ: അതിർത്തി തർക്കത്തിന്റെ പേരിൽ ഭർതൃമതിയെ കൈയേറ്റം ചെയ്തതിന് സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ ചന്തേര പൊലീസ് കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ കാലിക്കടവ് കരക്കേരുവിലെ പ്രമോദ് കുമാറിന്റെ പേരിലാണ് കേസെടുത്തത്. കരക്കേരുവിലെ അയൽവാസിയായ അജേഷിന്റെ ഭാര്യ സജിന നൽകിയ പരാതിയിലാണ് ചന്തേര കേസെടുത്തത്.
സജിന ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഇരു വീട്ടുകാരും തമ്മിൽ ഒമ്പത് വർഷമായി അതിർത്തി തർക്കം നിലവിലുണ്ട്. ഹൊസ്ദുർഗ് മുൻസിഫ് കോടതിയിൽ ഇത് സംബന്ധിച്ച കേസ് നടക്കുകയാണ്. ഇതിനിടയിൽ പ്രമോദ് കുമാർ വീട്ടിലേക്ക് പോകുമ്പോൾ വാക്കുതർക്കം ഉണ്ടായി എന്നാണ് പറയുന്നത്. അതിനിടെ അയൽവാസികൾ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് പ്രമോദ് കുമാറിനെയും ഭാര്യയെയും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.