കണ്ണൂർ: ജില്ലയിൽ കൂടുതൽ ഷാപ്പുകൾ തുറന്നുതുടങ്ങിയെങ്കിലും ആവശ്യത്തിന് കള്ളില്ലാത്തതു നടത്തിപ്പുകാരെ കുഴയ്ക്കുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ നിന്ന് കള്ള് എത്തുന്നുണ്ടെങ്കിലും കണ്ണൂരിൽ മാത്രമാണ് സ്വന്തം ജില്ലയിൽ മാത്രം ഉൽപ്പാദിപ്പിക്കുന്ന കള്ള് വിതരണം ചെയ്യുന്നത്. ചെത്തിയിരുന്ന കുലകൾ പലയിടത്തും ലോക്ക് ഡൗണിനെ തുടർന്ന് അഴിച്ചിട്ടിരിക്കുകയാണ്. ഇനി കള്ളിന്റെ ലഭ്യത പൂർവ്വസ്ഥിതിയിലാകാൻ കുറഞ്ഞത് രണ്ടു മാസമെങ്കിലുമെടുക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതാണ് കള്ളിന്റെ ക്ഷാമത്തിനിടയാക്കിയിരിക്കുന്നത്.

തുറന്നതിന് തൊട്ടുപിന്നാലെ പലയിടത്തും കള്ള് തീർന്നുവെന്ന് പറയുന്നത് ആവശ്യക്കാരെ നിരാശരാക്കുന്നു. മിക്കയിടത്തും ആവശ്യക്കാരുടെ നീണ്ട നിരയായിരുന്നു. ചിലയിടങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ നിന്നവരെ എക്‌സൈസ് സംഘം ഇടപെട്ടാണ് നിയന്ത്രിച്ചത്. ആവശ്യക്കാർ കുപ്പി കൊണ്ടുവന്നാൽ കള്ള് പാഴ്‌സലായി നൽകാമെന്നാണ് നിലവിലെ ലോക്ക് ഡൗൺ വ്യവസ്ഥ.

ഷാപ്പുകറികൾ പാഴ്‌സലായി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് എത്തുന്ന നിരവധി പേർ നിരാശരായി മടങ്ങുകയാണ്. ഭക്ഷണം ഒഴിവാക്കി കള്ള് മാത്രം വിൽക്കുന്നത് ആദായകരമല്ല.

ഷാപ്പുടമകൾ

70 ഗ്രൂപ്പുകൾ

384 ഷാപ്പുകൾ


കണ്ണൂർ ജില്ലയിൽ 70 ഗ്രൂപ്പുകളിലായി 384 ഷാപ്പുകളുണ്ട്. ഇതിൽ മുഴുവൻ ലേലം നേരത്തെ നടന്നിരുന്നില്ല. മൂന്നു ഗ്രൂപ്പുകളിലുള്ള 15 ഷാപ്പുകളുടെ വില്പനയ്ക്ക് ശേഷം പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ കർശന ലോക്ക് ഡൗൺ കാലത്ത് നിർത്തിവച്ച 369 കള്ളുഷാപ്പുകളാണ് വില്പന നടത്തി കഴിഞ്ഞ ദിവസം മുതൽ തുറന്നത്.

മേയ് 29, 30, ജൂൺ ഒന്ന് തീയതികളിൽ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചാണ് ഇവ സർക്കാർ നിശ്ചയിച്ച തുകയ്ക്ക് വില്പന നടത്തിയത്. ഇതുവഴി മൂന്നുകോടിയിലേറെ രൂപയാണ് കണ്ണൂരിൽനിന്ന് സർക്കാർ ഖജനാവിന് ലഭിച്ചത്.