കണ്ണൂർ: വനിതാ കമ്മിഷൻ പദവിയുടെ അന്തസിനു ചേരാത്ത പ്രസ്താവന നടത്തിയ എം.സി ജോസഫൈന്റേത് തറ രാഷ്ട്രീയമെന്നു കെ. സുധാകരൻ എം.പി പറഞ്ഞു. ഇവരെ ചെയർപേഴ്‌സൺ സ്ഥാനത്തുനിന്നും ഇറക്കി വിടണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റൈൻ ഏർപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മണ്ടത്തരമാണെന്നും പിണറായി വിജയൻ ബഡായി രാമനെന്നും എം.പി ആരോപിച്ചു.

കണ്ണൂരിൽ നിന്ന് ആരംഭിച്ച മണൽക്കൊള്ള പമ്പ വരെ എത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മണൽക്കൊള്ളയ്ക്ക് കൊവിഡ് കാലം തിരഞ്ഞെടുത്താൽ ആരും ശ്രദ്ധിക്കില്ലെന്ന് കരുതി. സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന 250 കോടി രൂപ കൊള്ളയടിച്ചു. ശവത്തിൽ നിന്നു പോക്കറ്റടിക്കുന്ന ആളുകളുടെ മനഃസ്ഥിതിയാണ് പിണറായി സർക്കാറിന്. ഈ പണം ഉണ്ടെങ്കിൽ കുട്ടികൾക്ക് ടി.വിയോ മൊബൈൽ ഫോണോ വാങ്ങിച്ച് നൽകാമായിരുന്നു. സംസ്ഥാനത്ത് ഓൺലൈൻ പഠനം ആരംഭിക്കുമ്പോൾ അതിനുള്ള ഭൗതീക സാഹചര്യം സർക്കാർ ഒരുക്കിയിരുന്നില്ല. സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും പഠനത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയുള്ളതാണ് സർക്കാരിന്റെ ഓൺലൈൻ പഠനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.