കാഞ്ഞങ്ങാട്: ഒക്ടോബർ അവസാനവാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കൂക്കൂട്ടലിൽ സി.പി.എം ഒരുങ്ങുന്നു, ഈ മാസം 12 ന് ഓൺലൈനായി സംസ്ഥാന കമ്മറ്റി യോഗം നടക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാർട്ടി സജീവമാകുമെന്നാണ് വിവരം.
ശക്തികേന്ദ്രമായിട്ടും കാസർകോട് പാർലിമെന്റ് സീറ്റ് കൈവിട്ടതിന്റെ ക്ഷീണം തീർക്കുകയെന്നത് അഭിമാനപ്രശ്നമായാണ് സി.പി.എം കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണ കൈവിട്ട ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം തിരികെപിടിക്കുകയെന്നതും പാർട്ടിയുടെ ലക്ഷ്യമാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇക്കുറി വനിതാസംവരണമാണെന്നതിനാൽ മികച്ച നേതാക്കളെയായിരിക്കും പാർട്ടി മത്സരിപ്പിക്കുന്നത്.ജില്ലാ കമ്മറ്റി അംഗം ബേബി ബാലകൃഷ്ണനെ പ്രസിഡന്റ് സ്ഥാനാർത്ഥി ആക്കാനാണ് പാർട്ടിക്കുള്ളിൽ ധാരണ.ഭരണ രംഗത്ത് തെളിയിച്ച പ്രാഗത്ഭ്യം തന്നെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ബേബിയെ മുന്നിലെത്തിക്കുന്നത്.രണ്ട് തവണ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ബേബി ഇപ്പോൾ ജില്ലയിലെ തന്നെ എറ്റവും മികച്ച സഹകരണ സ്ഥാപനമായ മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കുടുംബശ്രീ സംസ്ഥാന ഗവേർണിംഗ് ബോർഡ് അംഗം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലുംപ്രവർത്തിക്കുന്നുണ്ട്.ബേബി പ്രസിഡൻറായിരിക്കെ സമഗ്രവികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതിന് മടിക്കൈക്ക് സംസ്ഥാന, ദേശീയപുരസ്‌ക്കാരങ്ങൾ ലഭിച്ചിരുന്നു. സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയായ മടിക്കൈയ്യിൽ ബേബിയെ രണ്ടാം തവണയും പഞ്ചായത്ത് പ്രസിഡന്റാക്കിയത് ഭരണരംഗത്തെ മികവു കൊണ്ടു തന്നെയാണ്. സി.പി.എം. ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളിൽ ഏക വനിത പ്രസിഡന്റ് എന്ന ബഹുമതിയും ബേബിക്കുണ്ട്. ഉറച്ച സീറ്റായ മടിക്കൈയിൽ നിന്നും നിഷ്പ്രയാസം ജയിക്കാമെന്ന കണക്കുകൂട്ടലും സി.പി.എമ്മിനുണ്ട്.