malinyam-
ഉദയഗിരി കൈലാസപുരത്ത് കക്കൂസ് മാലിന്യങ്ങൾ നിറഞ്ഞൊഴുകുന്നു

കാസർകോട്: സർക്കാർ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിലെ കക്കൂസ് ടാങ്ക് നിറഞ്ഞൊഴുകി ഉദയഗിരി കൈലാസപുരത്ത് ആരോഗ്യഭീഷണി. അസഹ്യമായ ദുർഗന്ധമാണ് ഉയരുന്നത്. മലിനജലം പരന്ന് കൊതുകും കൂത്താടിയും പെരുകി കടുത്ത പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശം.

ആറ് ബ്ലോക്കുകളിലായുള്ള ക്വാർട്ടേഴ്സുകളിൽ 23 കുടുംബങ്ങളാണ് താമസിക്കുന്നത്. ജലവിഭവ വകുപ്പ് ജീവനക്കാരും കോടതി ജീവനക്കാരനും താമസിക്കുന്ന ക്വാർട്ടേഴ്സിനോട് ചേർന്നുള്ള ഭാഗത്താണ് മലിനജലം കെട്ടിക്കിടക്കുന്നത്. ക്വാർട്ടേഴ്സുകളിലെ അടുക്കളയിലെയും കുളിമുറിയിലെയും വെള്ളം ഒഴുകിയെത്തിയിരുന്ന കുഴികൾ നിറഞ്ഞ് പുറത്തേക്ക് ഒഴുകുകയാണ്. അഴുക്കുവെള്ളത്തിനായി വലിയ രണ്ട് കുഴികളെടുത്ത് കോൺക്രീറ്റ് സ്ലാബ് ഇട്ടിരുന്നെങ്കിലും രണ്ട് ബ്ലോക്കുകളിലെ ക്വാർട്ടേഴ്സുകളിൽ നിന്നുള്ള മലിനജലം മാത്രമാണ് ഇതിൽ അടിഞ്ഞുകൂടുന്നത്. മറ്റ് ക്വാർട്ടേഴ്സുകളിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് പൈപ്പുകൾ സ്ഥാപിച്ചിട്ടില്ലെന്നാണ് പറയുന്നത്.

ആറ് ബ്ളോക്കുകൾ, 12 ക്വാർട്ടേഴ്സുകൾ

കൈലാസപുരത്ത് അഞ്ചുവർഷം മുമ്പാണ് ലക്ഷങ്ങൾ ചെലവിട്ട് സർക്കാർ ജീവനക്കാർക്കായി ക്വാർട്ടേഴ്സ് നിർമ്മിച്ചത്. ആറ് ബ്ലോക്കുകളിലായി 12 ക്വാർട്ടേഴ്സുകളാണ് ഇവിടെയുള്ളത്. ഭൂരിഭാഗം കുടുംബങ്ങളും മൂന്നുവർഷം മുമ്പാണ് സർക്കാർ ക്വാർട്ടേഴ്സുകളിൽ താമസമാരംഭിച്ചത്. മുകളിലത്തെ നിലയിലുള്ള പല ക്വാർട്ടേഴ്സുകളിലെ ചുമരുകളിലും മറ്റും വെള്ളം കയറുന്നുണ്ട്.

ചുറ്റുമതിൽ നിർമ്മാണം പാതിവഴിയിൽ
സമീപത്തെ ട്രാൻസ്‌ഫോർമറിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ പ്രശ്നങ്ങളുള്ളതിനാൽ വൈദ്യുതോപകരണങ്ങൾ കത്തിനശിക്കുന്നതും പതിവാണെന്ന പരാതിയുമുണ്ട്. ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ നിർമ്മാണം പാതിവഴിയിലാണ്. ഹൗസിംഗ് ബോർഡിനാണ് നിർമ്മാണചുമതലയെങ്കിലും സ്വകാര്യവ്യക്തിക്ക് കരാർ നൽകിയിരിക്കുകയാണ്.